Haggai - Chapter 1
Holy Bible

1. ദാരിയൂസ്‌ രാജാവിന്‍െറ രണ്ടാം ഭരണ വര്‍ഷം ആറാംമാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേ ലിന്‍െറ മകന്‍ സെറുബാബേലിനും,യഹോസദാക്കിന്‍െറ മകനും പ്രധാനപുരോഹിത നുമായ ജോഷ്വയ്‌ക്കും ഹഗ്‌ഗായി പ്രവാചകന്‍വഴി ലഭി ച്ചകര്‍ത്താവിന്‍െറ അരുളപ്പാട്‌.
2. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ ആലയം പുനരുദ്‌ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന്‌ ഈ ജനം പറയുന്നു.
3. അപ്പോള്‍ ഹഗ്‌ഗായി പ്രവാചകന്‍ വഴി കര്‍ത്താവ്‌ അരുളിച്ചെയ്‌തു:
4. ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?
5. അതുകൊണ്ട്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളുടെ സ്‌ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍.
6. നിങ്ങള്‍ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്‌തു. നിങ്ങള്‍ ഭക്‌ഷിക്കുന്നു, ഒരിക്കലും തൃപ്‌തരാകുന്നില്ല. നിങ്ങള്‍ പാനം ചെയ്യുന്നു, തൃപ്‌തി വരുന്നില്ല. നിങ്ങള്‍ വസ്‌ത്രം ധരിക്കുന്നു, ആര്‍ക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന്‌ അതു ലഭിക്കുന്നത്‌ ഓട്ടസഞ്ചിയില്‍ ഇടാന്‍മാത്രം!
7. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഈ സ്‌ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍.
8. നിങ്ങള്‍ മലയില്‍ചെന്ന്‌ തടി കൊണ്ടുവന്ന്‌ ആലയം പണിയുവിന്‍; ഞാന്‍ അതില്‍ സംപ്രീതനാകും. മഹ ത്വത്തോടെ ഞാന്‍ അതില്‍ പ്രത്യക്‌ഷനാകും- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
9. നിങ്ങള്‍ ഏറെ തേടി, ലഭിച്ചതോ അല്‍പം മാത്രം. നിങ്ങള്‍ അതു വീട്ടിലേക്കു കൊണ്ടുവന്നു; ഞാന്‍ അത്‌ ഊതിപ്പറത്തി. എന്തുകൊണ്ട്‌? - സൈന്യങ്ങളുടെ കര്‍ത്താവ്‌ ചോദിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും തന്‍െറ ഭവനത്തെപ്രതി വ്യഗ്രത കാട്ടുമ്പോള്‍ എന്‍െറ ആലയം തകര്‍ന്നു കിടക്കുന്നതുകൊണ്ടുതന്നെ.
10. അതുകൊണ്ട്‌ ആകാശം നിങ്ങള്‍ക്കുവേണ്ടി മഞ്ഞുപെയ്യിക്കുന്നില്ല; ഭൂമി വിളവുനല്‍കുന്നുമില്ല.
11. ദേശത്തിലും മലകളിലും ധാന്യത്തിലും പുതുവീഞ്ഞിലും എണ്ണയിലും ഭൂമിയില്‍ മുളയ്‌ക്കുന്നവയിലും മനുഷ്യരിലും കന്നുകാലികളിലും അവരുടെ അധ്വാനത്തിലും ഞാന്‍ വരള്‍ച്ചവരുത്തിയിരിക്കുന്നു.
12. അപ്പോള്‍ ഷെയാല്‍ത്തിയേലിന്‍െറ മകന്‍ സെറുബാബേലുംയഹോസദാക്കിന്‍െറ പുത്രനും പ്രധാനപുരോഹിതനുമായജോഷ്വയും, ജനത്തില്‍ അവശേഷിച്ചവരും തങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ വാക്കുകള്‍ അനുസരിക്കുകയും തങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അയ ച്ചപ്രവാചകനായ ഹഗ്‌ഗായിയുടെ വാക്കുകള്‍ സ്വീകരിക്കുകയും ചെയ്‌തു.
13. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. അപ്പോള്‍ കര്‍ത്താവിന്‍െറ ദൂതനായ ഹഗ്‌ഗായി കര്‍ത്താവിന്‍െറ സന്‌ദേശം ജനത്തെ അറിയിച്ചു.
14. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളോടു കൂടെയുണ്ട്‌. അപ്പോള്‍ യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്‍െറ പുത്രന്‍ സെറുബാബേ ലിനെയുംയഹോസദാക്കിന്‍െറ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വയെയും അവശേഷിച്ചിരുന്ന ജനത്തെയും കര്‍ത്താവ്‌ ഉത്തേജിപ്പിച്ചു. അവര്‍ തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവിന്‌ ആലയം പണിയാന്‍ തുടങ്ങി.
15. ഇത്‌ ആറാംമാസം ഇരുപത്തിനാലാം ദിവസമാണ്‌.

Holydivine