Jeremiah - Chapter 1
Holy Bible

1. ബഞ്ചമിന്‍ദേശത്ത്‌ അനാത്തോത്തിലെ പുരോഹിതന്‍മാരില്‍ ഒരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍:
2. യൂദാരാജാവായ ആമോന്‍െറ മകന്‍ ജോസിയായുടെ വാഴ്‌ചയുടെ പതിമ്മൂന്നാംവര്‍ഷം ജറെമിയായ്‌ക്കു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
3. യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്‍െറ കാലത്തും ജോസിയാരാജാവിന്‍െറ മകന്‍ സെദെക്കിയായുടെ ഭരണത്തിന്‍െറ പതിനൊന്നാംവര്‍ഷം അഞ്ചാംമാസം ജറുസലെംനിവാസികള്‍ നാടുകടത്തപ്പെടുന്നതുവരെയും അവനു കര്‍ത്താവിന്‍െറ വചനം ലഭിച്ചുകൊണ്ടിരുന്നു.
4. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
5. മാതാവിന്‍െറ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
6. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്‌; സംസാരിക്കാന്‍ എനിക്കു പാടവമില്ല.
7. കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: വെറും ബാലനാണെന്നു നീ പറയരുത്‌. ഞാന്‍ അയയ്‌ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം.
8. നീ അവരെ ഭയപ്പെടേണ്ടാ, നിന്‍െറ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; കര്‍ത്താവാണിതു പറയുന്നത്‌.
9. അനന്തരം കര്‍ത്താവ്‌ കൈ നീട്ടി എന്‍െറ അധരത്തില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതാ, എന്‍െറ വചനങ്ങള്‍ നിന്‍െറ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു.
10. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.
11. കര്‍ത്താവ്‌ എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തു കാണുന്നു? ജാഗ്രതാവൃക്‌ഷത്തിന്‍െറ ഒരു ശാഖ - ഞാന്‍ മറുപടി പറഞ്ഞു.
12. അപ്പോള്‍ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: നീ കണ്ടതു ശരി. എന്‍െറ വചനം നിവര്‍ത്തിക്കാന്‍ ഞാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്നു.
13. കര്‍ത്താവ്‌ വീണ്ടും എന്നോടു ചോദിച്ചു: നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: തിളയ്‌ക്കുന്ന ഒരു പാത്രം വടക്കുനിന്നു ചരിയുന്നതു ഞാന്‍ കാണുന്നു.
14. അപ്പോള്‍ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: ഈ ദേശത്തു വസിക്കുന്നവരെ മുഴുവന്‍ ഗ്രസിക്കുന്ന ദുരന്തം വടക്കുനിന്നു തിളച്ചൊഴുകും.
15. ഉത്തരദിക്കിലെ സകല രാജവംശങ്ങളെയും ഞാന്‍ വിളിച്ചുവരുത്തുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവര്‍ ഓരോരുത്തരും വന്നു തങ്ങളുടെ സിംഹാസനം ജറുസലെമിന്‍െറ പ്രവേ ശനകവാടങ്ങളിലും, ചുറ്റുമുള്ള മതിലുകളുടെ മുന്‍പിലും യൂദായുടെ നഗരങ്ങള്‍ക്കു മുന്‍പിലും സ്‌ഥാപിക്കും.
16. അവര്‍ ചെയ്‌ത എല്ലാ ദുഷ്‌ടതയ്‌ക്കും ഞാന്‍ അവരുടെമേല്‍ വിധി പ്രസ്‌താവിക്കും; അവര്‍ എന്നെ ഉപേക്‌ഷിച്ച്‌ അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിച്ചു; സ്വന്തം കരവേലകളെ ആരാധിച്ചു. നീ എഴുന്നേറ്റ്‌ അര മുറുക്കുക.
17. ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുന്‍പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും.
18. ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും ദേശവാസികള്‍ക്കും എതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഇന്നു നിന്നെ ഞാന്‍ ഉറപ്പിക്കും.
19. അവര്‍ നിന്നോടുയുദ്‌ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്‍െറ രക്‌ഷയ്‌ക്കു ഞാന്‍ കൂടെയുണ്ട്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Holydivine