Jonah - Chapter 1
Holy Bible

1. അമിത്തായിയുടെ പുത്രന്‍ യോനായ്‌ക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
2. നീ എഴുന്നേറ്റ്‌ മഹാനഗരമായ നിനെവേയില്‍ച്ചെന്ന്‌ അതിനെതിരേ വിളിച്ചു പറയുക. എന്തെന്നാല്‍, അവരുടെ ദുഷ്‌ടത എന്‍െറ സന്നിധിയില്‍ എത്തിയിരിക്കുന്നു.
3. എന്നാല്‍, യോനാ താര്‍ഷീഷിലേക്കു ഓടി കര്‍ത്താവിന്‍െറ സന്നിധിയില്‍ നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട്‌യാത്രക്കൂലി കൊടുത്ത്‌ അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്ന്‌ ഒളിക്കാമെന്ന്‌ അവന്‍ കരുതി.
4. എന്നാല്‍, കര്‍ത്താവ്‌ കടലിലേക്ക്‌ ഒരു കൊടുങ്കാറ്റ്‌ അയച്ചു; കടല്‍ക്‌ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി.
5. കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്‍മാരെ വിളിച്ചപേക്‌ഷിച്ചു. ഭാരം കുറയ്‌ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക്‌ വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്‍െറ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു.
6. അപ്പോള്‍ കപ്പിത്താന്‍ അടുത്തുവന്ന്‌ അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ്‌ ഇതിന്‍െറ അര്‍ഥം? എഴുന്നേറ്റ്‌ നിന്‍െറ ദൈവത്തെ വിളിച്ചപേക്‌ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്‌ഷേ അവിടുന്ന്‌ നമ്മെഓര്‍ത്തേക്കും.
7. അനന്തരം അവര്‍ പരസ്‌പരം പറഞ്ഞു: ആരു നിമിത്തമാണ്‌ നമുക്ക്‌ ഈ അനര്‍ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്‌ക്കു നറുക്കുവീണു.
8. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയൂ, ആരു നിമിത്തമാണ്‌ ഈ അനര്‍ഥം നമ്മുടെമേല്‍ വന്നത്‌? നിന്‍െറ തൊഴില്‍ എന്താണ്‌? നീ എവിടെനിന്നു വരുന്നു? നിന്‍െറ നാടേതാണ്‌? നീ ഏതു ജനതയില്‍പ്പെടുന്നു?
9. അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്‌. കടലും കരയും സൃഷ്‌ടിച്ച, സ്വര്‍ഗസ്‌ഥനായ ദൈവമായ കര്‍ത്താവിനെ ആണ്‌ ഞാന്‍ ആരാധിക്കുന്നത്‌.
10. അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട്‌ അവനോടു പറഞ്ഞു: നീ എന്താണ്‌ ഈ ചെയ്‌തത്‌? അവന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്ന്‌ ഓടിയൊളിക്കുകയാണെന്ന്‌, അവന്‍ തന്നെ പറഞ്ഞ്‌ അവര്‍ അറിഞ്ഞു.
11. അവര്‍ അവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന്‌ ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്‌ഷുബ്‌ധമായിക്കൊണ്ടിരിക്കുന്നു.
12. അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ്‌ ഈ വലിയ കൊടുങ്കാറ്റ്‌ നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
13. കപ്പല്‍ കരയ്‌ക്ക്‌ അടുപ്പിക്കുന്നതിനായി അവര്‍ ശക്‌തിപൂര്‍വം തണ്ടു വലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്‌ഷോഭിക്കുകയായിരുന്നു.
14. അതുകൊണ്ട്‌, അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്‍െറ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്‌കളങ്കരക്‌തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്‌.
15. അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു.
16. ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്‌തു.
17. യോനായെ വിഴുങ്ങാന്‍ കര്‍ത്താവ്‌ ഒരു വലിയ മത്‌സ്യത്തെനിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്‍െറ ഉദരത്തില്‍ കഴിഞ്ഞു.

Holydivine