Mathew - Chapter 20
Holy Bible

1. സ്വര്‍ഗരാജ്യം, തന്‍െറ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്‌ഥനു സദൃശം.
2. ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക്‌ അയച്ചു.
3. മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്‌ഥലത്ത്‌ അലസരായി നില്‍ക്കുന്നതുകണ്ട്‌ അവരോടു പറഞ്ഞു:
4. നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍;ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.
5. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെചെയ്‌തു.
6. ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട്‌ അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്‌?
7. ഞങ്ങളെ ആരും വേലയ്‌ക്കു വിളിക്കാത്തതുകൊണ്ട്‌ എന്ന്‌ അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.
8. വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ കാര്യസ്‌ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച്‌ അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.
9. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക്‌ ഓരോ ദനാറ ലഭിച്ചു.
10. തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന്‌ ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.
11. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്‌ഥനെതിരേ പിറുപിറുത്തു-
12. അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്‌തുള്ളൂ; എന്നിട്ടും പകലിന്‍െറ അധ്വാനവും ചൂടും സഹി ച്ചഞങ്ങളോട്‌ അവരെ നീ തുല്യരാക്കിയല്ലോ.
13. അവന്‍ അവരിലൊരുവനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട്‌ ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്‌ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്‌?
14. നിനക്ക്‌ അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ്‌ എനിക്കിഷ്‌ടം.
15. എന്‍െറ വസ്‌തുവകകള്‍കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?
16. ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും.
17. യേശു തന്‍െറ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട്‌ ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച്‌ അരുളിച്ചെയ്‌തു:
18. ഇതാ! നമ്മള്‍ ജറുസലെമിലേക്കുപോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്‍മാര്‍ക്കും നിയമജ്‌ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും.
19. അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
20. അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ്‌ തന്‍െറ പുത്രന്‍മാരോടുകൂടെ വന്ന്‌ അവന്‍െറ മുമ്പില്‍യാചനാപൂര്‍വം പ്രണമിച്ചു.
21. അവന്‍ അവളോടു ചോദിച്ചു: നിനക്ക്‌ എന്താണു വേണ്ടത്‌? അവള്‍ പറഞ്ഞു: നിന്‍െറ രാജ്യത്തില്‍ എന്‍െറ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്‍െറ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ!
22. യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.
23. അവന്‍ അവരോടു പറഞ്ഞു: എന്‍െറ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്‍െറ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത്‌ എന്‍െറ പിതാവ്‌ ആര്‍ക്കുവേണ്ടി സജ്‌ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്‌.
24. ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്‍മാരോട്‌ അമര്‍ഷംതോന്നി.
25. എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
26. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌.
27. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
28. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
29. അവന്‍ ജറീക്കോയില്‍നിന്നുയാത്ര പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
30. യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ട്‌ അന്‌ധന്‍മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ!
31. മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട്‌ ജനക്കൂട്ടം അവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന്‌ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു.
32. യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?
33. അവര്‍ പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം.
34. യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.

Holydivine