Mathew - Chapter 28
Holy Bible

1. സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.
2. അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്‍െറ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്‌, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു.
3. അവന്‍െറ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്‌ത്രം മഞ്ഞുപോലെ വെളുത്തതും.
4. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട്‌ മരിച്ചവരെപ്പോലെയായി.
5. ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.
6. അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
7. അവന്‍ കിടന്ന സ്‌ഥലം വന്നുകാണുവിന്‍. വേഗം പോയി അവന്‍െറ ശിഷ്യന്‍മാരോട്‌, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച്‌ നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഇക്കാര്യം ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8. അവര്‍ കല്ലറവിട്ട്‌ ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്‍മാരെ വിവരം അറിയിക്കാന്‍ ഓടി.
9. അപ്പോള്‍ യേശു എതിരേ വന്ന്‌ അവരെ അഭിവാദനംചെയ്‌തു. അവര്‍ അവനെ സമീപിച്ച്‌ പാദങ്ങളില്‍ കെട്ടിപ്പിടിച്ച്‌ ആരാധിച്ചു.
10. യേശു അവരോട്‌ പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന്‌ എന്‍െറ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.
11. അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന്‌ സംഭവിച്ചതെല്ലാംപ്രധാനപുരോഹിതന്‍മാരെ അറിയിച്ചു.
12. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു:
13. ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്‍െറ ശിഷ്യന്‍മാര്‍ വന്ന്‌ അവനെ മോഷ്‌ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.
14. ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച്‌ നിങ്ങള്‍ക്ക്‌ ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15. അവര്‍ പണം വാങ്ങി, നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത്‌ ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.
16. യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്‍മാരും ഗലീലിയിലെ മലയിലേക്കു പോയി.
17. അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു.
18. യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.
19. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
20. പിതാവിന്‍െറയും പുത്രന്‍െറയും പരിശുദ്‌ധാത്‌മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

Holydivine