Galatians - Chapter 6
Holy Bible

1. സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്‌മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.
2. പരസ്‌പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്‍െറ നിയമം പൂര്‍ത്തിയാക്കുവിന്‍.
3. ഒരുവന്‍ താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു.
4. എന്നാല്‍, ഓരോ വ്യക്‌തിയും സ്വന്തം ചെയ്‌തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല.
5. എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹി ച്ചേമതിയാവൂ.
6. വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്‌തുക്കളുടെയും പങ്ക്‌ തന്‍െറ അധ്യാപകനു നല്‍കണം.
7. നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.
8. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍നിന്ന്‌ നാശം കൊയ്‌തെടുക്കും. ആത്‌മാവിനായി വിതയ്‌ക്കുന്നവനാകട്ടെ ആത്‌മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.
9. നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.
10. ആകയാല്‍, നമുക്ക്‌ അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട്‌ സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്‌, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്‌, നന്‍മ ചെയ്യാം.
11. എന്‍െറ സ്വന്തം കൈപ്പടയില്‍ എത്ര വലിയ അക്‌ഷരങ്ങളിലാണ്‌ ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ!
12. ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്‌ധിക്കുന്നവരാണ്‌ പരിച്‌ഛേദനകര്‍മത്തിനു നിങ്ങളെ നിര്‍ബന്‌ധിക്കുന്നത്‌. ക്രിസ്‌തുവിന്‍െറ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാന്‍വേണ്ടി മാത്രമാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌.
13. എന്തെന്നാല്‍, പരിച്‌ഛേദനം സ്വീകരി ച്ചഅവര്‍പോലും നിയമം അനുസരിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ശരീരത്തെക്കുറിച്ച്‌ അവര്‍ക്ക്‌ മേന്‍മ ഭാവിക്കാന്‍ കഴിയേണ്ടതിനു നിങ്ങളും പരിച്‌ഛേദിതരായിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു.
14. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക്‌ ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
15. പരിച്‌ഛേദനകര്‍മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോകാര്യമില്ല. പുതിയ സൃഷ്‌ടിയാവുക എന്നതാണ്‌ പരമപ്രധാനം.
16. ഈ നിയമം അനുസരിച്ച്‌ വ്യാപരിക്കുന്ന എല്ലാവര്‍ക്കും, അതായത്‌, ദൈവത്തിന്‍െറ ഇസ്രായേലിന്‌ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ.
17. ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്‌. എന്തെന്നാല്‍, ഞാന്‍ എന്‍െറ ശരീരത്തില്‍ യേശുവിന്‍െറ അടയാളങ്ങള്‍ ധരിക്കുന്നു.
18. സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളുടെ ആത്‌മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേന്‍.

Holydivine