Luke - Chapter 10
Holy Bible

1. അനന്തരം, കര്‍ത്താവ്‌ വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്‌, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേഅയച്ചു.
2. അവന്‍ അവരോടു പറഞ്ഞു: കൊയ്‌ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്‌ത്തിനു വേലക്കാരെ അയയ്‌ക്കുവാന്‍ കൊയ്‌ത്തിന്‍െറ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.
3. പോകുവിന്‍, ഇതാ, ചെന്നായ്‌ക്ക ളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു.
4. മടിശ്‌ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്‌. വഴിയില്‍വച്ച്‌ ആരെയും അഭിവാദനം ചെയ്യുകയും അരുത്‌.
5. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന്‌ സമാധാനം എന്ന്‌ ആദ്യമേ ആ ശംസിക്കണം.
6. സമാധാനത്തിന്‍െറ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും.
7. അവരോടൊപ്പം ഭക്‌ഷിക്കുകയും പാനംചെയ്യുകയുംചെയ്‌തുകൊണ്ട്‌ ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്‍െറ കൂലിക്ക്‌ അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോ റും ചുറ്റിനടക്കരുത്‌.
8. ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്‌ഷിക്കുവിന്‍.
9. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന്‌ അവരോടു പറയുകയും ചെയ്യുവിന്‍.
10. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം:
11. നിങ്ങളുടെ നഗരത്തില്‍നിന്ന്‌ ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവ രാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
12. ഞാന്‍ നിങ്ങളോടു പറയുന്നു, ആദിവസം സോദോമിന്‍െറ സ്‌ഥിതി ഈ നഗരത്തിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.
13. കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്‌ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേ തന്നെ പശ്‌ചാത്തപിക്കുമായിരുന്നു.
14. ആ കയാല്‍, വിധിദിനത്തില്‍ ടയിറിന്‍െറയും സീദോന്‍െറയും സ്‌ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.
15. കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
16. നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്‍െറ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
17. എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്‍െറ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.
18. അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.
19. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍െറ സകല ശക്‌തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
20. എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്‌, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.
21. ആ സമയംതന്നെ പരിശുദ്‌ധാത്‌മാവില്‍ ആനന്‌ദിച്ച്‌, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ്‌ ഇവ ജ്‌ഞാനികളില്‍നിന്നും ബുദ്‌ധിമാന്‍മാരില്‍നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്‌ടം.
22. എല്ലാ കാര്യങ്ങളും പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന്‌ പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന്‌ പുത്രനും, പുത്രന്‍ ആര്‍ക്കു വെളി പ്പെടുത്താനാഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല.
23. അവന്‍ ശിഷ്യന്‍മാരുടെ നേരേ തിരിഞ്ഞ്‌ അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ.
24. എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്‍മാരും രാജാക്കന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.
25. അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന്‌ അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
26. അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത്‌ എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?
27. അവന്‍ ഉത്തരം പറഞ്ഞു: നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്‍െറ അയല്‍ക്കാരനെ നിന്നെപ്പോലെയും.
28. അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.
29. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച്‌ യേശുവിനോടു ചോദിച്ചു: ആരാണ്‌ എന്‍െറ അയല്‍ക്കാരന്‍?
30. യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന്‌ ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്‍െറ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്‌, അവനെ പ്രഹരിച്ച്‌ അര്‍ധപ്രാണനാക്കിയിട്ടു പൊയ്‌ക്കളഞ്ഞു.
31. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്‌ മറുവശത്തുകൂടെ കടന്നുപോയി.
32. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി.
33. എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌,
34. അടുത്തുചെന്ന്‌ എണ്ണയും വീഞ്ഞുമൊഴിച്ച്‌, അവന്‍െറ മുറിവുകള്‍ വച്ചു കെട്ടി, തന്‍െറ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
35. അടുത്ത ദിവസം അവന്‍ സത്രം സൂക്‌ഷിപ്പുകാരന്‍െറ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്‍െറ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
36. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന്‌ ഈ മൂവരില്‍ ആരാണ്‌ അയല്‍ക്കാരനായി വര്‍ത്തിച്ചത്‌?
37. അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
38. അവര്‍ പോകുന്നവഴി അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു.
39. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍െറ വചനങ്ങള്‍ കേട്ടുകൊണ്ട്‌ അവന്‍െറ പാദത്തിങ്കല്‍ ഇരുന്നു.
40. മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്‍െറ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്‌ക്കായി എന്‍െറ സഹോദരി എന്നെതനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്‌ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക.
41. കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
42. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല.

Holydivine