Amos - Chapter 7
Holy Bible

1. ദൈവമായ കര്‍ത്താവ്‌ എനിക്ക്‌ ഒരു ദര്‍ശനം നല്‍കി. രാജവിഹിതമായ പുല്ല്‌ അരിഞ്ഞതിനുശേഷം അതു വീണ്ടും മുളച്ചുതുടങ്ങിയപ്പോള്‍, അവിടുന്ന്‌ ഇതാ വെട്ടുകിളിപ്പറ്റത്തെ സൃഷ്‌ടിക്കുന്നു.
2. അവനാട്ടിലുള്ള പുല്ലെല്ലാം തിന്നൊടുക്കിയപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മാപ്പു നല്‍കുക, ഞാന്‍ യാചിക്കുന്നു. യാക്കോബിന്‌ എങ്ങനെ നിലനില്‍ക്കാനാവും? അവന്‍ തീരെ ചെറിയവനല്ലേ?
3. കര്‍ത്താവ്‌ അതിനെക്കുറിച്ച്‌ അനുതപിച്ചു. ഒരിക്കലും അതു സംഭവിക്കുകയില്ലെന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തു.
4. ദൈവമായ കര്‍ത്താവ്‌ എനിക്ക്‌ ഒരു ദര്‍ശനം നല്‍കി. ഇതാ, അവിടുന്ന്‌ അഗ്‌നി അയച്ചു ശിക്‌ഷിക്കാന്‍ ഒരുങ്ങുന്നു. അഗ്‌നി അഗാധങ്ങളെ വിഴുങ്ങിയിട്ട്‌ ഭൂമിയെ ദഹിപ്പിക്കാന്‍ തുടങ്ങി.
5. അപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മതിയാക്കുക. ഞാന്‍ യാചിക്കുന്നു. യാക്കോബ്‌ എങ്ങനെ നിലനില്‍ക്കും? അവന്‍ തീരെ ചെറിയവനല്ലേ?
6. കര്‍ത്താവ്‌ അതിനെക്കുറിച്ച്‌ അനുതപിച്ചു; ഒരിക്കലും അതു സംഭവിക്കുകയില്ല, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു.
7. അവിടുന്ന്‌ എനിക്കു മറ്റൊരു ദര്‍ശനം നല്‍കി. ഇതാ, തൂക്കുകട്ടയുടെ സഹായത്തോടെ പണിതുയര്‍ത്തിയ ഒരു മതിലിനോടു ചേര്‍ന്ന്‌ കര്‍ത്താവ്‌ കൈയില്‍ ഒരു തൂക്കുകട്ടയുമായി നില്‍ക്കുന്നു.
8. അവിടുന്ന്‌ ചോദിച്ചു: ആമോസ്‌, നീ എന്തു കാണുന്നു? ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. കര്‍ത്താവ്‌ തുടര്‍ന്നു: കണ്ടാലും, എന്‍െറ ജനമായ ഇസ്രായേലിനുമധ്യേ ഞാനൊരു തൂക്കുകട്ട പിടിക്കും. ഇനിമേല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല.
9. ഞാന്‍ ഇസഹാക്കിന്‍െറ പൂജാഗിരികള്‍ നിര്‍ജനവും ഇസ്രായേലിലെ ആരാധനാകേന്‌ദ്രങ്ങള്‍ ശൂന്യവുമാക്കും. ജറോബോവാമിന്‍െറ ഭവനത്തിനെതിരേ ഞാന്‍ വാളുമായിവരും.
10. അപ്പോള്‍ ബഥേലിലെ പുരോഹിത നായ അമാസിയാ ഇസ്രായേല്‍രാജാവായ ജറോബോവാമിന്‍െറ അടുത്ത്‌ ആളയച്ചുപറഞ്ഞു: ആമോസ്‌ നിനക്കെതിരേ ഇസ്രായേല്‍ ഭവനത്തിന്‍െറ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്‍െറ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല.
11. കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേല്‍ സ്വന്തം നാട്ടില്‍നിന്ന്‌ പ്രവാസത്തിലേക്കു പോകും എന്ന്‌ ആമോസ്‌ പറയുന്നു.
12. അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക്‌ ഓടുക. അവിടെ പ്രവചിച്ച്‌, അഹര്‍വൃത്തി കഴിച്ചുകൊള്ളുക.
13. ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്‌. ഇതു രാജാവിന്‍െറ ശ്രീകോവിലും രാജ്യത്തിന്‍െറ ക്‌ഷേത്രവുമാണ്‌.
14. ആമോസ്‌ മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്‌. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്‍െറ ജോലി.
15. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: എന്‍െറ ജനമായ ഇസ്രായേലില്‍ചെന്ന്‌ പ്രവചിക്കുക.
16. അതിനാല്‍, ഇപ്പോള്‍ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്‍െറ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു.
17. അതിനാല്‍, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്‍െറ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്‍െറ പുത്രന്‍മാരും പുത്രികളും വാളിനിരയാകും, നിന്‍െറ ഭൂമി അളന്നു പങ്കിടും. അശുദ്‌ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും സ്വദേശം വിട്ട്‌ പ്രവാസത്തിലേക്കു പോകും.

Holydivine