Joshua - Chapter 11
Holy Bible

1. ഹാസോര്‍രാജാവായയാബീന്‍ ഇതു കേട്ടപ്പോള്‍ മാദോന്‍രാജാവായ യോബാബിനും ഷിമ്‌റോണിലെയും അക്‌ഷാഫിലെയും രാജാക്കന്‍മാര്‍ക്കും
2. വടക്ക്‌ മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും പടിഞ്ഞാറ്‌ നഫത്‌ദോറിലും ഉള്ള രാജാക്കന്‍മാര്‍ക്കും
3. കിഴക്കുപടിഞ്ഞാറ്‌ കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്‌പാദേശത്ത്‌ ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു.
4. അവര്‍ സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ സൈന്യത്തോടും വളരെയധികം കുതിരകളോടും രഥങ്ങളോടുംകൂടെ പുറപ്പെട്ടു.
5. ഈ രാജാക്കന്‍മാര്‍ സൈന്യസമേതം ഇസ്രായേലിനോടു പടവെട്ടുന്നതിന്‌ ഒരുമിച്ചുകൂടി മെറോം നദീതീരത്തു താവളമടിച്ചു.
6. കര്‍ത്താവു ജോഷ്വായോട്‌ അരുളിച്ചെയ്‌തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത്‌ അവരെ ഇസ്രായേലിന്‍െറ മുന്‍പില്‍ ഞാന്‍ കൊന്നു നിരത്തും. നിങ്ങള്‍ അവരുടെ കുതിര കളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങള്‍ കത്തിക്കുകയും ചെയ്യണം.
7. ഉടനെ ജോഷ്വ യോദ്‌ധാക്കളുമൊന്നിച്ച്‌ മെറോം നദീതീരത്തുവന്ന്‌ അവരെ ആക്രമിച്ചു.
8. കര്‍ത്താവ്‌ അവരെ ഇസ്രായേലിന്‍െറ കൈകളില്‍ ഏല്‍പിച്ചു. ഇസ്രായേല്‍ക്കാര്‍ അവരെ വധിക്കുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്‌മയിംവരെയും കിഴക്കോട്ടു മിസ്‌പാതാഴ്‌വരവരെയും ഓടിക്കുകയും ചെയ്‌തു. ഒന്നൊഴിയാതെ എല്ലാവരെയും ഉന്‍മൂലനംചെയ്‌തു.
9. കര്‍ത്താവു കല്‍പിച്ചിരുന്നതുപോലെ ജോഷ്വ അവരോടു പ്രവര്‍ത്തിച്ചു; കുതിരകളുടെ കുതിഞരമ്പു വെട്ടുകയും രഥങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്‌തു.
10. ജോഷ്വ തിരിച്ചുചെന്ന്‌ ഹാസോറിനെ കീഴടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. ഹാസോര്‍ പണ്ട്‌ ആ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്‌ഥാനം വഹിച്ചിരുന്നു.
11. ജോഷ്വ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി നിശ്‌ശേഷം നശിപ്പിച്ചു. ജീവനുള്ളതൊന്നും അവശേഷിക്കാത്തവിധം ഹാസോറിനെ അഗ്‌നിക്കിരയാക്കി.
12. കര്‍ത്താവ്‌ തന്‍െറ ദാസനായ മോശയോടു കല്‍പിച്ചിരുന്നതുപോലെ ജോഷ്വ ആ രാജാക്കന്‍മാരെയും അവരുടെ പട്ടണങ്ങളെയും ആക്രമിച്ച്‌ വാളിനിരയാക്കി ഉന്‍മൂലനം ചെയ്‌തു.
13. എന്നാല്‍, ഉയരത്തില്‍ പണിത പട്ടണങ്ങളില്‍ ജോഷ്വ നശിപ്പി ച്ചഹാസോര്‍ ഒഴികെ ഒന്നും ഇസ്രായേല്‍ക്കാര്‍ അഗ്‌നിക്കിരയാക്കിയില്ല.
14. ഈ പട്ടണങ്ങളില്‍നിന്നു കൊള്ള വസ്‌തുക്കളും കന്നുകാലികളും അവര്‍ എടുത്തു. ആരും ജീവനോടെ അവശേഷിക്കാത്തവിധം ഒന്നൊഴിയാതെ എല്ലാവരെയും അവര്‍ വാളിനിരയാക്കി.
15. കര്‍ത്താവ്‌ തന്‍െറ ദാസനായ മോശയോടു കല്‍പിച്ചതുപോലെ മോശയും ജോഷ്വയോടു കല്‍പിച്ചു. ജോഷ്വ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്‌തു. കര്‍ത്താവ്‌ മോശയോടു കല്‍പിച്ചതൊന്നുംജോഷ്വ ചെയ്യാതിരുന്നില്ല.
16. ഇപ്രകാരം ജോഷ്വ നാടുമുഴുവന്‍ - മലമ്പ്രദേശവും നെഗെ ബു മുഴുവനും ഗോഷെന്‍ ദേശമൊക്കെയും സമതലങ്ങളും അരാബായും ഇസ്രായേലിലെ മലമ്പ്രദേശവും അതിന്‍െറ താഴ്‌വരയും -
17. സെയീര്‍വരെ ഉയര്‍ന്നുനില്‍ക്കുന്ന ഹാലാക്‌മലയും ഹെര്‍മോണ്‍ മലയ്‌ക്കു താഴെ ബാല്‍ഗാദ്‌വരെ കിടക്കുന്ന ലബനോന്‍ താഴ്‌വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്‍മാരെയെല്ലാം അവന്‍ വധിച്ചു.
18. ജോഷ്വ വളരെനാള്‍ ആ രാജാക്കന്‍മാരോടുയുദ്‌ധം ചെയ്‌തു.
19. ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഇസ്രായേല്‍ ജനവുമായി വേറെയാരും സമാധാന സന്‌ധിയുണ്ടാക്കിയിരുന്നില്ല. മറ്റു പട്ടണങ്ങള്‍ അവര്‍യുദ്‌ധത്തില്‍ പിടിച്ചടക്കി.
20. എന്തെന്നാല്‍, കര്‍ത്താവ്‌ മോശയോടു കല്‍പിച്ചിരുന്നതുപോലെ അവര്‍ കഠിന ഹൃദയരാകണമെന്നും ഇസ്രായേലിനെതിരേയുദ്‌ധംചെയ്‌ത്‌, പരിപൂര്‍ണമായി നശിക്കണമെന്നും നിഷ്‌കരുണം നിര്‍മൂലമാക്കപ്പെടണമെന്നും കര്‍ത്താവ്‌ നിശ്‌ചയിച്ചിരുന്നു.
21. ഇക്കാലത്തു ജോഷ്വ മലമ്പ്രദേശത്തു - ഹെബ്രാണ്‍, ദബീര്‍, അ നാബ്‌ എന്നിവിടങ്ങളിലും യൂദായിലെയും ഇസ്രായേലിലെയും മലമ്പ്രദേശങ്ങളിലും - വസിച്ചിരുന്ന അനാക്കിമുകളെയും അവരുടെ പട്ടണങ്ങളെയും നിശ്‌ശേഷം നശിപ്പിച്ചു.
22. ഇസ്രായേല്‍ക്കാരുടെ രാജ്യത്ത്‌ അനാക്കിമുകളില്‍ ആരും അവശേഷിച്ചില്ല. ഗാസായിലും ഗത്തിലും അഷ്‌ദോദിലും മാത്രം ഏതാനുംപേര്‍ അവശേഷിച്ചു.
23. അങ്ങനെ കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം ജോഷ്വ പിടിച്ചെടുത്തു. ഇസ്രായേല്‍ക്കാര്‍ക്ക്‌ ഗോത്രമനുസരിച്ച്‌ ജോഷ്വ അത്‌ അവകാശമായി നല്‍കി. അങ്ങനെ ആ നാടിനുയുദ്‌ധത്തില്‍നിന്ന്‌ ആശ്വാസം ലഭിച്ചു.

Holydivine