Wisdom - Chapter 4
Holy Bible

1. ഇതിനെക്കാള്‍ നന്ന്‌ സന്താനരഹിതനായി നന്‍മയോടുകൂടെ ജീവിക്കുന്നതാണ്‌. നന്‍മയുടെ സ്‌മരണ അനശ്വരമായിരിക്കും. ദൈവവും മനുഷ്യരും അതു വിലമതിക്കുന്നു.
2. നന്‍മ കാണുമ്പോള്‍ മനുഷ്യര്‍ അതിനെ മാതൃകയാക്കുന്നു; അപ്രത്യക്‌ഷമാകുമ്പോള്‍ അതിനെ തീവ്രമായി കാംക്‌ഷിക്കുന്നു. എല്ലായ്‌പോഴും അതു വിജയകിരീടമണിഞ്ഞു മുന്നേറുന്നു; കളങ്കമേശാത്ത സമ്മാനങ്ങള്‍ക്കുവേണ്ടിയുള്ള മത്‌സരത്തില്‍ വിജയം വരിക്കുന്നു.
3. അധര്‍മികളുടെ സന്താനപ്പെരുപ്പം നിഷ്‌ഫലമാണ്‌. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല.
4. അല്‍പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്‌ക്കായ്‌കയാല്‍ അവര്‍ കാറ്റില്‍ ഉലയും; കൊടുങ്കാറ്റില്‍ കടപുഴകി വീഴും.
5. വളര്‍ച്ചയെത്തുംമുന്‍പേ ശാഖകള്‍ ഒടിഞ്ഞുപോകും. കനികള്‍ പാകമെത്താത്ത തിനാല്‍ ഭക്‌ഷണയോഗ്യമല്ല, ഒന്നിനും ഉപയുക്‌തവുമല്ല.
6. ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്‌ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്‍മയുടെ സാക്‌ഷികളാകും.
7. നീതിമാന്‍ പ്രായമെത്താതെ മരിച്ചാലും വിശ്രാന്തി ആസ്വദിക്കും.
8. വാര്‍ധക്യത്തെ മാനിക്കുന്നത്‌ ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല.
9. മനുഷ്യര്‍ക്കു വിവേകമാണ്‌ നരച്ചമുടി, കറയറ്റ ജീവിതമാണ്‌ പക്വതയാര്‍ന്ന വാര്‍ധക്യം.
10. ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരുവനുണ്ടായിരുന്നു; അവനെ അവിടുന്ന്‌ സ്‌നേഹിച്ചു. പാപികളുടെ ഇടയില്‍ വസിക്കുമ്പോള്‍ അവന്‍ സംവഹിക്കപ്പെട്ടു.
11. തിന്‍മ അവന്‍െറ വിവേകത്തെ മാറ്റിമറിക്കാതെ, വഞ്ചന മനസ്‌സിനെ പ്രലോഭിപ്പിക്കാതെ, അവന്‍ സംവഹിക്കപ്പെട്ടു.
12. തിന്‍മയുടെ വശീകരണശക്‌തിയില്‍ നന്‍മയ്‌ക്കു മങ്ങലേല്‍ക്കുന്നു; ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്കഹൃദയത്തെ വഴിതെറ്റിക്കുന്നു.
13. ഹ്രസ്വകാലം കൊണ്ടു പൂര്‍ണത കൈവരിച്ചതിനാല്‍, നീതിമാന്‍ ദീര്‍ഘകാലം പിന്നിട്ടു;
14. കര്‍ത്താവിനു പ്രീതികരനാകയാല്‍ തിന്‍മയുടെ മധ്യത്തില്‍നിന്ന്‌ കര്‍ത്താവ്‌ അവനെ വേഗം രക്‌ഷിച്ചു.
15. ജനതകള്‍ കണ്ടു, പക്‌ഷേ, ഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയും അനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്‌ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്‌സിലാക്കിയില്ല.
16. മരി ച്ചനീതിമാന്‍ ജീവിച്ചിരിക്കുന്ന അധര്‍മികളെ വിധിക്കും; വേഗം പൂര്‍ണത നേടിയയുവാവ്‌ നീണ്ട വാര്‍ധക്യം ബാധി ച്ചഅധര്‍മികളെയും.
17. വിവേകിയുടെ മരണം അവര്‍ കാണും, കര്‍ത്താവ്‌ അവനു നല്‍കാന്‍പോകുന്നത്‌ എന്തെന്നോ അവനെ സുരക്‌ഷിതനായി കാത്തുപോന്നത്‌ എന്തിനെന്നോ അവര്‍ ഗ്രഹിക്കുകയില്ല.
18. അവര്‍ അവനോട്‌ അവജ്‌ഞയോടെ വര്‍ത്തിക്കും; എന്നാല്‍, കര്‍ത്താവ്‌ അവരെ പരിഹസിച്ചു ചിരിക്കും. അവര്‍ മാനിക്കപ്പെടാത്ത ജഡങ്ങളായിത്തീരും; മൃതരുടെ ഇടയില്‍ അവര്‍ എന്നേക്കും നിന്‌ദാപാത്രങ്ങളാകും.
19. കര്‍ത്താവ്‌ അവരെ നിലത്തടിച്ചു നിശ്‌ശബ്‌ദരാക്കും. അവരുടെ അടിത്തറ ഇളക്കിമറിക്കും; അവര്‍ വരണ്ടു ശൂന്യമാകും, അവര്‍യാതനകള്‍ക്ക്‌ ഇരയാകും, അവരുടെ സ്‌മരണ ഇല്ലാതാകും.
20. തങ്ങളുടെ പാപങ്ങളുടെ കണക്കെടുക്കുമ്പോള്‍ അവര്‍ ഭയചകിതരായെത്തും; അവരുടെ ദുഷ്‌കൃത്യങ്ങള്‍ അവരെ മുഖത്തുനോക്കി കുറ്റപ്പെടുത്തും.

Holydivine