Revelation - Chapter 12
Holy Bible

1. സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
2. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.
3. സ്വര്‍ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊ മ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍.
4. അതിന്‍െറ വാല്‍ ആകാശത്തിലെ നക്‌ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക്‌ എറിഞ്ഞു. ആ സ്‌ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
5. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട്‌ ഭരിക്കാനുള്ളവനാണ്‌ അവന്‍ . അവളുടെ ശിശു ദൈവത്തിന്‍െറയും അവിടുത്തെ സിംഹാസനത്തിന്‍െറയും അടുത്തേക്ക്‌ സംവഹിക്കപ്പെട്ടു.
6. ആ സ്‌ത്രീ മരുഭൂമിയിലേക്ക്‌ ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്‌ജമാക്കിയ ഒരു സ്‌ഥലമുണ്ടായിരുന്നു.
7. അനന്തരം, സ്വര്‍ഗത്തില്‍ ഒരുയുദ്‌ധമുണ്ടായി. മിഖായേലും അവന്‍െറ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്‍െറ ദൂതന്‍മാരും എതിര്‍ത്തുയുദ്‌ധം ചെയ്‌തു.
8. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക്‌ ഇടമില്ലാതായി.
9. ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്‍െറ ദൂതന്‍മാരും.
10. സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍െറ രക്‌ഷയും ശക്‌തിയും രാജ്യവും അവിടുത്തെ അഭിഷിക്‌തന്‍െറ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്‌ഷം അവരെ പഴിപറയുകയും ചെയ്‌തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.
11. അവരാകട്ടെ കുഞ്ഞാടിന്‍െറ രക്‌തം കൊണ്ടും സ്വന്തം സാക്‌ഷ്യത്തിന്‍െറ വചനം കൊണ്ടും അവന്‍െറ മേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി.
12. അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്‌ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌.
13. താന്‍ ഭൂമിയിലേക്ക്‌ എറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവി ച്ചസ്‌ത്രീയെ അന്വേഷിച്ച്‌ സര്‍പ്പം പുറപ്പെട്ടു.
14. സര്‍പ്പത്തിന്‍െറ വായില്‍നിന്നു രക്‌ഷപെട്ടു തന്‍െറ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്‌ത്രീക്കു വന്‍കഴുകന്‍െറ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്‍െറ പകുതിയും അവള്‍ അവിടെ സംരക്‌ഷിക്കപ്പെടേണ്ടിയിരുന്നു.
15. സ്‌ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്‍െറ വായില്‍നിന്നു നദി പോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു.
16. എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്‌തുറന്ന്‌ സര്‍പ്പം വായില്‍നിന്ന്‌ ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.
17. അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്‌ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
18. അതു സമുദ്രത്തിന്‍െറ മണല്‍ത്തിട്ടയില്‍ നിലയു റപ്പിച്ചു.

Holydivine