Revelation - Chapter 20
Holy Bible

1. സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍െറ കൈയില്‍ പാതാളത്തിന്‍െറ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്‌.
2. അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ച്‌ ആയിരം വര്‍ഷത്തേക്കു ബന്‌ധനത്തിലാക്കി.
3. അതിനെ പാതാളത്തിലേക്കെറിഞ്ഞ്‌, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്‌. തദനന്തരം അല്‍പസമയത്തേക്ക്‌ അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.
4. പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്‍കിയ സാക്‌ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്‌മാക്കളെയും, മൃഗത്തെയോ അതിന്‍െറ സാദൃശ്യത്തെയോ ആരാധിക്കുകയുംനെറ്റിയിലും കൈയിലും അതിന്‍െറ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്‌തുവിനോടുകൂടി വാഴുകയും ചെയ്‌തു.
5. ഇതാണ്‌ ഒന്നാമത്തെ പുനരുത്‌ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല.
6. ഒന്നാമത്തെ പുനരുത്‌ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്‌ധരുമാണ്‌. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന്‌ ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്‍െറയും ക്രിസ്‌തുവിന്‍െറയും പുരോഹിതന്‍മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.
7. എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ ബന്‌ധനത്തില്‍നിന്നുമോചിതനാകും.
8. ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്‌, മാഗോഗ്‌ എന്നിവയെയുദ്‌ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളം ആയിരിക്കും.
9. അവര്‍ ഭൂതലത്തില്‍ കയറി വന്നു വിശുദ്‌ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗത്തില്‍നിന്ന്‌ അഗ്‌നിയിറങ്ങി അവരെ വിഴുങ്ങി.
10. അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസി ച്ചിരുന്ന ഗന്‌ധകാഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക്‌ അവര്‍ പീഡിപ്പിക്കപ്പെടും.
11. ഞാന്‍ വെണ്‍മയേറിയ ഒരു വലിയ സിംഹാസനവും അതില്‍ ഇരിക്കുന്നവനെയും കണ്ടു. അവന്‍െറ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിയകന്നു. അവയ്‌ക്ക്‌ ഒരു സങ്കേതവും ലഭിച്ചില്ല.
12. മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്‌ഥവും തുറക്കപ്പെട്ടു. അതു ജീവന്‍െറ ഗ്രന്‌ഥമാണ്‌. ഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
13. തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
14. മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്‌നിത്തടാകം.
15. ജീവന്‍െറ ഗ്രന്‌ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു.

Holydivine