Revelation - Chapter 8
Holy Bible

1. അവന്‍ ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍ അരമണിക്കൂറോളം സ്വര്‍ഗത്തില്‍ നിശ്‌ശ ബ്‌ദതയുണ്ടായി.
2. ദൈവസന്നിധിയില്‍ നിന്നിരുന്ന ഏഴു ദൂതന്‍മാരെ ഞാന്‍ കണ്ടു. അവര്‍ക്ക്‌ ഏഴു കാഹളങ്ങള്‍ നല്‍കപ്പെട്ടു.
3. മറ്റൊരു ദൂതന്‍ സ്വര്‍ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നു നിന്നു. സിംഹാസനത്തിന്‍െറ മുമ്പിലുള്ള ബലിപീഠത്തിന്‍മേല്‍ എല്ലാ വിശുദ്‌ധ രുടെയും പ്രാര്‍ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു.
4. ദൂതന്‍െറ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്‌ധരുടെ പ്രാര്‍ഥന കളോടൊപ്പം ദൈവസന്നിധിയിലേക്ക്‌ ഉയര്‍ന്നു.
5. ദൂതന്‍ ധൂപകലശം എടുത്തു ബലിപീഠത്തിലെ അഗ്‌നികൊണ്ടു നിറച്ചു ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍ പിണരുകളും ഭൂമികുലുക്കവും ഉണ്ടായി.
6. ഏഴു കാഹളങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാര്‍ അവ ഊതാന്‍ തയ്യാറായി.
7. ഒന്നാമന്‍ കാഹളം മുഴക്കി; അപ്പോള്‍ രക്‌തം കലര്‍ന്നതീയും കന്‍മഴയും ഉണ്ടായി; അതു ഭൂമിയില്‍ പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്‌ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.
8. രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. തീപിടിച്ചവലിയ മലപോലെ എന്തോ ഒന്നു കടലിലേക്ക്‌ എറിയപ്പെട്ടു. അപ്പോള്‍ കടലിന്‍െറ മൂന്നിലൊന്ന്‌ രക്‌തമായി.
9. കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.
10. മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വ ലിയ നക്‌ഷത്രം ആകാശത്തുനിന്ന്‌ അടര്‍ന്ന്‌, നദികളുടെ മൂന്നിലൊന്നിന്‍മേലും നീരുറവ കളിന്‍മേലും പതിച്ചു.
11. ആ നക്‌ഷത്രത്തിന്‍െറ പേരു തിക്‌തകം. അതു വീണപ്പോള്‍ ജലത്തിന്‍െറ മൂന്നിലൊന്നു തിക്‌തകമായി. ഈ ജലത്താല്‍ അനേകം പേര്‍ മൃതിയട ഞ്ഞു. കാരണം, അതു കയ്‌പുള്ളതാക്കപ്പെട്ടിരുന്നു.
12. നാലാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ സൂര്യന്‍െറ മൂന്നിലൊന്നും ചന്‌ദ്രന്‍െറ മൂന്നിലൊന്നും നക്‌ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്‍മൂലം അവയുടെ മൂന്നിലൊന്ന്‌ ഇരുണ്ടുപോയി. പകലിന്‍െറ മൂന്നിലൊന്നും ഇരുണ്ടുപോയി; അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.
13. പിന്നെ മധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയ സ്വരത്തില്‍ അത്‌ ഇങ്ങനെ വിളിച്ചുപറയുന്നതും കേട്ടു: ഇനിയും കാഹളം മുഴക്കാനിരിക്കുന്ന മൂന്നു ദൂതന്‍മാരുടെ കാഹളധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!

Holydivine