Micah - Chapter 7
Holy Bible

1. എനിക്കു ഹാ, കഷ്‌ടം! ഗ്രീഷ്‌മകാല ഫലങ്ങള്‍ ശേഖരിക്കുകയും മുന്തിരിപ്പഴങ്ങള്‍ പറിക്കുകയും ചെയ്‌തതിനുശേഷം കാലാപെ റുക്കുന്നവനെപ്പോലെ ആയിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിക്കുലയോ അത്തിയുടെ അഭികാമ്യമായ കടിഞ്ഞൂല്‍ ഫലങ്ങളോ ഇല്ല.
2. ദൈവഭക്‌തരായവര്‍ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്‌ഷരായിരിക്കുന്നു. മനുഷ്യരുടെയിടയില്‍ സത്യസന്‌ധരായി ആരുമില്ല. അവരെല്ലാവരും രക്‌തത്തിനുവേണ്ടി പതിയിരിക്കുന്നു. ഓരോരുത്തരും സ്വസഹോദരനെ കുടുക്കാന്‍ വലവിരിക്കുന്നു.
3. തിന്‍മ പ്രവര്‍ത്തിക്കാന്‍ അവന്‍ ഉത്‌സാഹത്തോടെ കൈനീട്ടുന്നു. രാജാവുംന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്‍മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ അവര്‍ ഒരുമിച്ച്‌ അതു നെയ്‌തെടുക്കുന്നു.
4. അവരില്‍ ഏറ്റവും ഉത്തമന്‍ ഒരു മുള്‍ച്ചെടിപോലെയും ഏറ്റവും സത്യസന്‌ധന്‍ ഒരു മുള്ളുവേലിപോലെയും ആണ്‌. അവരുടെ കാവല്‍ക്കാര്‍ അ റിയി ച്ചദിനം, ശിക്‌ഷയുടെ ദിനം, വന്നുകഴിഞ്ഞു. അവര്‍ക്കു സംഭ്രാന്തിയുടെ സമയമായി.
5. അയല്‍ക്കാരനെ വിശ്വസിക്കരുത്‌, സ്‌നേഹിതനില്‍ വിശ്വാസമര്‍പ്പിക്കരുത്‌, നിന്‍െറ മടിയില്‍ ശയിക്കുന്നവളുടെ മുന്‍പില്‍ അധരകവാടം തുറക്കരുത്‌.
6. പുത്രന്‍ പിതാവിനോടു നിന്‌ദയോടെ വര്‍ത്തിക്കുന്നു. മകള്‍ അമ്മയ്‌ക്കും മരുമകള്‍ അമ്മായിയമ്മയ്‌ക്കും എതിരേ നിലകൊള്ളുന്നു. സ്വന്തം കുടുംബത്തിലെ അംഗങ്ങള്‍തന്നെ ഒരുവനു ശത്രുക്ക ളായിത്തീരുന്നു.
7. എന്നാല്‍ ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്‍െറ രക്‌ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്‍െറ ദൈവം എന്‍െറ പ്രാര്‍ഥന കേള്‍ക്കും.
8. എന്‍െറ ശത്രുക്കളേ, എന്നെക്കുറിച്ച്‌ ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ്‌ എന്‍െറ വെളിച്ചമായിരിക്കും.
9. അവിടുന്ന്‌ എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്‍െറ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തുപോയി. അവിടുന്ന്‌ എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്‌ഷ ദര്‍ശിക്കും.
10. എന്‍െറ ശത്രുക്കള്‍ അതു കാണും. നിന്‍െറ ദൈവമായ കര്‍ത്താവ്‌ എവിടെ എന്നു ചോദിച്ചവളെ ലജ്‌ജ മൂടിക്കളയും. തെരുവിലെ ചേറുപോലെ അവള്‍ ചവിട്ടിത്തേയ്‌ക്കപ്പെടും. ഞാന്‍ അവ ളുടെ പതനം കണ്ട്‌ ആഹ്‌ളാദിക്കും.
11. നിന്‍െറ മതിലുകള്‍ പുനരുദ്‌ധരിക്കപ്പെടുന്ന ദിനം വരുന്നു! അന്നു നിന്‍െറ അതിരുകള്‍ വിസ്‌തൃതമാക്കപ്പെടും.
12. അസ്‌സീറിയാമുതല്‍ ഈജിപ്‌തുവരെയും ഈജിപ്‌തു മുതല്‍ നദിവരെയും, കടല്‍മുതല്‍ കടല്‍വരെയും പര്‍വതംമുതല്‍ പര്‍വതംവരെയും ഉള്ളവര്‍ അന്നു നിന്‍െറ അടുക്കല്‍ വരും.
13. എന്നാല്‍, അന്നു ഭൂമി അതിലെ നിവാസികള്‍ നിമിത്തം, അവരുടെ പ്രവൃത്തികളുടെ ഫലമായി ശൂന്യമായിത്തീരും.
14. കാര്‍മലിലെ വനാന്തരത്തില്‍ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദണ്‍ഡുകൊണ്ടു മേയ്‌ക്കണമേ! മുന്‍കാലങ്ങളിലെപ്പോലെ അവര്‍ ബാഷാനിലും ഗിലയാദിലും മേയട്ടെ!
15. നീ ഈജിപ്‌തില്‍നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്‌ഭുതകര മായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും.
16. ജനതകള്‍ അതുകണ്ട്‌ തങ്ങളുടെ ശക്‌തിയെക്കുറിച്ചു ലജ്‌ജിക്കും. അവര്‍ വായ്‌ പൊത്തും. അവരുടെ കാതുകള്‍ ബധിരമാകും;
17. സര്‍പ്പങ്ങളെപ്പോലെ, ഭൂമിയില്‍ ഇഴയുന്ന ജീവികളെപ്പോലെ അവര്‍ പൊടിനക്കും. ശക്‌തിദുര്‍ഗങ്ങളില്‍ നിന്ന്‌ അവര്‍ വിറപൂണ്ട്‌ ഇറങ്ങിവരും. കൊടുംഭീതിയാല്‍ അവര്‍ നമ്മുടെ കര്‍ത്താവായ ദൈവത്തിങ്കലേക്കു തിരിയും. അവര്‍ അങ്ങുനിമിത്തം ഭയചകിതരാകും.
18. തന്‍െറ അവകാശത്തിന്‍െറ അവശേഷി ച്ചഭാഗത്തോട്‌ അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്‌ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്‌? അവിടുന്നു തന്‍െറ കോപം എന്നേക്കുമായി വച്ചു പുലര്‍ത്തുന്നില്ല; എന്തെന്നാല്‍, അവിടുന്ന്‌ കാരുണ്യത്തില്‍ ആനന്‌ദിക്കുന്നു.
19. അവിടുന്ന്‌ വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന്‌ ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന്‌ തൂത്തെറിയും.
20. പൂര്‍വകാലം മുതല്‍ ഞങ്ങളുടെ പിതാക്കന്‍മാരോടു വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ അങ്ങ്‌ യാക്കോബിനോടു വിശ്വസ്‌തതയും അബ്രാഹത്തോടു കാരുണ്യവും കാണിക്കും.

Holydivine