Tobit - Chapter 10
Holy Bible

1. പിതാവായ തോബിത്‌ ദിവസം എണ്ണിക്കഴിയുകയായിരുന്നു. തിരിച്ചെത്തേണ്ട ദിവസം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാല്‍
2. അവന്‍ പറഞ്ഞു: അവര്‍ അവനെ താമസിപ്പിക്കയാണോ അതോ ഗബായേല്‍ മരിച്ചുപോവുകയും പണം നല്‍കാന്‍ ആരും ഇല്ലെന്നു വരുകയും ചെയ്‌തിരിക്കുമോ?
3. അവന്‍ അതീവദുഃഖിതനായി. അവന്‍െറ ഭാര്യ പറഞ്ഞു: കുട്ടിക്ക്‌ അപകടം സംഭവിച്ചു.
4. കാലതാമസം അതു തെളിയിക്കുന്നു.
5. അവള്‍ വിലപിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, എന്‍െറ കണ്ണുകളുടെ വെളിച്ചമായ നിന്നെ പോകാന്‍ അനുവദിച്ചതു കഷ്‌ടമായിപ്പോയി.
6. തോബിത്‌ അവളോടു പറഞ്ഞു: വിഷമിക്കാതിരിക്കൂ.
7. അവന്‌ ഒന്നും സംഭവിച്ചിട്ടില്ല. അവള്‍ പറഞ്ഞു: മിണ്ടാതിരിക്കൂ; എന്നെ കബളിപ്പിക്കാന്‍ നോക്കേണ്ടാ. എന്‍െറ കുഞ്ഞിനു നാശം സംഭവിച്ചതുതന്നെ. എല്ലാ ദിവസവും അവള്‍ അവര്‍ പോയ വഴിയിലേക്കു ചെല്ലും. പകല്‍ ഒന്നും ഭക്‌ഷിക്കുകയില്ല, രാത്രി മുഴുവന്‍മകന്‍ തോബിയാസിനെ ഓര്‍ത്തു വിലപിക്കും.
8. വിവാഹവിരുന്നിന്‍െറ പതിനാലാം ദിവസവും ഈ സ്‌ഥിതി തുടര്‍ന്നു. ഇത്രയും ദിവസങ്ങള്‍ അവിടെ തന്നോടൊന്നിച്ചു താമസിക്കണമെന്നു റഗുവേല്‍ നിര്‍ബന്‌ധിച്ചിരുന്നു. തോബിയാസ്‌ റഗുവേലിനോടു പറഞ്ഞു: എന്നെതിരിച്ചയയ്‌ക്കുക. എന്‍െറ മാതാപിതാക്കന്‍മാര്‍ക്ക്‌ എന്നെ കാണാമെന്നുള്ള ആശപോലും അറ്റിരിക്കണം. എന്നാല്‍, റഗുവേല്‍ പറഞ്ഞു: നീ എന്നോടുകൂടെ താമസിക്കൂ. ഞാന്‍ ദൂതന്‍മാരെ അയച്ചു നിന്‍െറ പിതാവിനെ വിവരം അറിയിക്കാം.
9. അതുപോരാ; എന്നെതിരിച്ചയയ്‌ക്കണം, തോബിയാസ്‌ പറഞ്ഞു.
10. റഗുവേല്‍ തോബിയാസിനു ഭാര്യയായ സാറായെയും, സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്‍െറയും പകുതിയും നല്‍കി.
11. അവരെ അനുഗ്രഹിച്ചുയാത്രയാക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു: മക്കളേ, എന്‍െറ മരണത്തിനു മുന്‍പുതന്നെ സ്വര്‍ഗ സ്‌ഥനായ ദൈവം നിങ്ങള്‍ക്ക്‌ ഐശ്വര്യമേകും.
12. അവന്‍ പുത്രിയോടു പറഞ്ഞു: നിന്‍െറ ഭര്‍ത്താവിന്‍െറ മാതാപിതാക്കന്‍മാരെ ബഹുമാനിക്കുക. അവരാണ്‌ ഇനിമേല്‍ നിനക്കു മാതാപിതാക്കള്‍. നിന്നെപ്പറ്റി നല്ലതുമാത്രം കേള്‍ക്കാന്‍ എനിക്ക്‌ ഇടവരട്ടെ! അവന്‍ അവളെ ചുംബിച്ചു. എദ്‌നാ തോബിയാസിനോടു പറഞ്ഞു: സഹോദരാ, സ്വര്‍ഗ സ്‌ഥനായ കര്‍ത്താവ്‌ നിന്നെ സുരക്‌ഷിത നായി തിരിച്ചെത്തിക്കുകയും നിനക്ക്‌ എന്‍െറ മകള്‍ സാറായില്‍ ജനിക്കുന്ന കുട്ടികളെക്കണ്ട്‌ കര്‍ത്താവിന്‍െറ സന്നിധിയില്‍ ആനന്‌ദിക്കാന്‍ എനിക്ക്‌ ഇടവരുകയും ചെയ്യട്ടെ! ഇതാ ഞാന്‍ എന്‍െറ പുത്രിയെ നിന്നെ ഭരമേല്‍പിക്കുന്നു. അവളെ ദുഃഖിപ്പിക്കരുത്‌.

Holydivine