Tobit - Chapter 6
Holy Bible

1. അവര്‍യാത്ര ചെയ്‌തു വൈകുന്നേരം ടൈഗ്രീസ്‌ നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു.
2. തോബിയാസ്‌ കുളിക്കാന്‍ നദിയിലിറങ്ങി. അപ്പോള്‍ ഒരു മത്‌സ്യം മുകളിലേക്കു ചാടി. അത്‌ അവനെ വിഴുങ്ങിക്കളയുമായിരുന്നു.
3. മത്‌സ്യത്തെ പിടിക്കൂ എന്നു ദൂതന്‍ വിളിച്ചുപറഞ്ഞു: അവന്‍ മത്‌സ്യത്തെ പിടിച്ചു കരയിലേക്ക്‌ എറിഞ്ഞു.
4. ദൂതന്‍ പറഞ്ഞു: അതിനെ വെട്ടിപ്പിളര്‍ന്ന്‌ അതിന്‍െറ ചങ്കും കരളും കയ്‌പയും എടുത്തു സൂക്‌ഷിക്കുക.
5. അവന്‍ അങ്ങനെ ചെയ്‌തു. അനന്തരം, അവര്‍ ആ മത്‌സ്യം പൊരിച്ചുതിന്നു. അവര്‍യാത്ര തുടര്‍ന്ന്‌ എക്‌ബത്താനായ്‌ക്കു സമീപമെത്തി.
6. തോബിയാസ്‌ ദൂതനോടു ചോദിച്ചു: സഹോദരനായ അസറിയാസ്‌, മത്‌സ്യത്തിന്‍െറ ചങ്കും കരളും കയ്‌പയും എന്തിനാണ്‌?
7. അവന്‍ പറഞ്ഞു: ഒരു പിശാചോ അശുദ്‌ധാത്‌മാവോ ഏതെങ്കിലും സ്‌ത്രീയെയോ പുരുഷനെയോ ഉപദ്രവിച്ചാല്‍ ഈ ചങ്കും കരളും പുകച്ചാല്‍ മതി. അവയുടെ ശല്യം പിന്നെ ഉണ്ടാവുകയില്ല.
8. തിമിരം ബാധി ച്ചകണ്ണില്‍ കയ്‌പ പുരട്ടിയാല്‍ അതു മാറും.
9. അവര്‍ എക്‌ബത്താനായിലെത്താറായി. അപ്പോള്‍ ദൂതന്‍ തോബിയാസിനോടു പറഞ്ഞു:
10. സഹോദരാ, ഇന്നു നമുക്കു റഗുവേലിനോടുകൂടെ താമസിക്കാം. അവന്‍ നിന്‍െറ ബന്‌ധുവാണ്‌. അവന്‌ ഒരു മകളേ ഉള്ളു - സാറാ. നീ അവളെ വിവാഹം ചെയ്യണമെന്നാണ്‌ എന്‍െറ അഭിപ്രായം.
11. അവളുടെ സ്വത്തും നിനക്ക്‌ അവകാശപ്പെട്ടതാണ്‌. അവള്‍ക്ക്‌ അര്‍ഹനായ ബന്‌ധു നീ മാത്രമാണ്‌.
12. അവളാണെങ്കില്‍ സുന്‌ദരിയും വിവേകവതിയുമാണ്‌. ഞാന്‍ പറയുന്നതു കേള്‍ക്കുക. ഞാന്‍ അവളുടെ പിതാവിനോടു സംസാരിക്കാം. റാഗെസില്‍ നിന്നു തിരിച്ചെത്തിയാലുടന്‍ വിവാഹം ആഘോഷിക്കുകയും ചെയ്യാം. മോശയുടെ നിയമമനുസരിച്ച്‌ റഗുവേല്‍ നിനക്കുമാത്രമേ അവളെ വിവാഹം ചെയ്‌തു തരാവൂ. അല്ലെങ്കില്‍, അവന്‍ മരണശിക്‌ഷയ്‌ക്ക്‌ അര്‍ഹനാകും. കാരണം, മറ്റാരെയുംകാള്‍ നിനക്കാണ്‌ അവളുടെ മേല്‍ അവകാശം.
13. അപ്പോള്‍ തോബിയാസ്‌ ദൂതനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്‌, ആ പെണ്‍കുട്ടി ഏഴുപേരെ വിവാഹം ചെയ്‌ത താണെന്നും അവര്‍ ഓരോരുത്തരും മണവറയില്‍വച്ചു മരിച്ചെന്നും ഞാന്‍ കേട്ടിട്ടുണ്ട്‌.
14. ഞാനാണെങ്കില്‍ എന്‍െറ പിതാവിന്‍െറ ഏക മകനാണ്‌. മണവറയില്‍ പ്രവേശിച്ചാല്‍ ഞാനും എന്‍െറ മുന്‍ഗാമികളെപ്പോലെ മരിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. ഒരു പിശാച്‌ അവളില്‍ അനുരക്‌തനാണ്‌. അവളെ സമീപിക്കുന്നവരെ മാത്രമേ അത്‌ ഉപദ്രവിക്കാറുള്ളു. ഞാന്‍ മരിക്കുമെന്നും എന്‍െറ മരണം മാതാപിതാക്കളെ ദുഃഖത്തിലാഴ്‌ത്തിക്കൊല്ലുമെന്നും ഞാന്‍ ഭയപ്പെടുന്നു. അവരെ സംസ്‌കരിക്കാന്‍ ഞാനല്ലാതെ മറ്റു സന്താനങ്ങളില്ല.
15. ദൂതന്‍ പ്രതിവചിച്ചു: നിന്‍െറ ജനത്തിന്‍െറ ഇടയില്‍ നിന്നുതന്നെ ഭാര്യയെ സ്വീകരിക്കണമെന്ന്‌ നിന്‍െറ പിതാവ്‌ ആജ്‌ഞാപിച്ചിട്ടുള്ളതു നീ ഓര്‍ക്കുന്നില്ലേ? സഹോദരാ, ഞാന്‍ പറയുന്നത്‌ ശ്രദ്‌ധിക്കുക; ഇന്നു രാത്രിതന്നെ അവളെ നിനക്കു വിവാഹം ചെയ്‌തുതരും. പിശാചിനെപ്പറ്റി നീ പേടിക്കേണ്ടാ.
16. നീ മണവറയില്‍ പ്രവേശിക്കുമ്പോള്‍ പാത്രത്തിലെ കനലില്‍ മത്‌സ്യത്തിന്‍െറ ചങ്കും കരളും ഇട്ടു പുകയ്‌ക്കുക.
17. അതിന്‍െറ മണമേറ്റാലുടന്‍ പിശാച്‌ ഓടിയകലും. പിന്നീടൊരിക്കലും വരുകയില്ല. നീ അവളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ ഇരുവരും എഴുന്നേറ്റുനിന്ന്‌ കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്‌ഷിക്കണം; അവിടുന്ന്‌ നിങ്ങളെ രക്‌ഷിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യും. നീ പേടിക്കേണ്ടാ. അനാദിമുതലേ അവള്‍ നിനക്കായി നിശ്‌ചയിക്കപ്പെട്ടവളാണ്‌. നീ അവളെ രക്‌ഷിക്കും. അവള്‍ നിന്നോടുകൂടെ വരുകയും ചെയ്യും, നിനക്ക്‌ അവളില്‍ സന്തതികള്‍ ഉണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നു. തോബിയാസ്‌ ഇതു കേട്ട്‌ അവളില്‍ അനുരക്‌തനായി, തീവ്രാഭിലാഷം പൂണ്ടു.

Holydivine