Tobit - Chapter 11
Holy Bible

1. യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്‌തുതിച്ചുകൊണ്ടു തോബിയാസ്‌ മടങ്ങിപ്പോയി. അവന്‍ റഗുവേലിനും അവന്‍െറ ഭാര്യ എദ്‌നായ്‌ക്കും മംഗളം നേര്‍ന്നു.യാത്രചെയ്‌ത്‌ അവന്‍ നിനെവേക്ക്‌ അടുത്തെത്തി.
2. അപ്പോള്‍ റഫായേല്‍ തോബിയാസിനോടു പറഞ്ഞു: സഹോദരാ, ഏതു നിലയിലാണു പിതാവിനെ നീ വിട്ടുപോന്നതെന്ന്‌ ഓര്‍ക്കുന്നില്ലേ?
3. നമുക്കു വേഗം നിന്‍െറ ഭാര്യയ്‌ക്കു മുന്‍പേ പോയി വീട്ടില്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യാം.
4. മത്‌സ്യത്തിന്‍െറ കയ്‌പകൂടി എടുത്തുകൊള്ളൂ. അവര്‍ പോയി. നായ്‌ അവരുടെ പുറകേ ഉണ്ടായിരുന്നു.
5. അന്ന മകനെ നോക്കി വഴിയില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു.
6. അവന്‍ വരുന്നതുകണ്ട്‌ അവള്‍ അവന്‍െറ പിതാവിനോടു പറഞ്ഞു: ഇതാ, നിന്‍െറ പുത്രന്‍ വരുന്നു; അവനോടുകൂടെ പോയ ആളുമുണ്ട്‌.
7. റഫായേല്‍ പറഞ്ഞു: തോബിയാസ്‌, നിന്‍െറ പിതാവിനു കാഴ്‌ച ലഭിക്കുമെന്ന്‌ എനിക്കറിയാം.
8. കയ്‌പ അവന്‍െറ കണ്ണുകളില്‍ പുര ട്ടണം. ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ അവന്‍ കണ്ണു തിരുമ്മും. അപ്പോള്‍ വെളുത്ത പാടകള്‍ പൊഴിഞ്ഞുവീഴുകയും അവന്‍ നിന്നെ കാണുകയും ചെയ്യും.
9. അന്ന ഓടിച്ചെന്ന്‌ മകനെ ആശ്ലേഷിച്ചു. അവള്‍ അവനോടു പറഞ്ഞു: എന്‍െറ കുഞ്ഞേ, നിന്നെ കാണാന്‍ എനിക്ക്‌ ഇടയായി. ഇനി മരിക്കാന്‍ ഞാന്‍ ഒരുക്കമാണ്‌. അവര്‍ ഇരുവരും കരഞ്ഞു.
10. വാതില്‍ക്കലേക്കു വരുമ്പോള്‍ തോബിത്തിന്‌ കാലിടറി.
11. പുത്രന്‍ ഓടിയെത്തി പിതാവിനെ താങ്ങി. കണ്ണുകളില്‍ കയ്‌പ പുരട്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു: പിതാവേ, സന്തോഷമായിരിക്കൂ.
12. ചൊറിച്ചില്‍ തോന്നിയപ്പോള്‍ തോബിത്‌ കണ്ണുതിരുമ്മി.
13. വെളുത്ത പാട കണ്‍കോണുകളില്‍നിന്നു പൊഴിഞ്ഞു വീണു.
14. അപ്പോള്‍ അവന്‍ പുത്രനെ കണ്ടു; അവനെ ആലിംഗനം ചെയ്‌ത്‌ കരഞ്ഞുകൊണ്ടു പറഞ്ഞു: ദൈവമേ, അങ്ങ്‌ വാഴ്‌ത്തപ്പെട്ടവനാണ്‌. അങ്ങയുടെ നാമം എന്നേക്കും വാഴ്‌ത്തപ്പെട്ടതാണ്‌. അവിടുത്തെ വിശുദ്‌ധ ദൂതന്‍മാരും വാഴ്‌ത്തപ്പെട്ടവരാണ്‌.
15. അവിടുന്ന്‌ എനിക്കു ദുരിതങ്ങള്‍ അയച്ചു. എന്നാലും എന്നോടു കരുണ കാട്ടി. ഇതാ, എന്‍െറ മകന്‍ തോബിയാസിനെ ഞാന്‍ കാണുന്നു. അവന്‍െറ മകന്‍ സന്തോഷത്തോടെ വീട്ടിനുള്ളില്‍ പ്രവേശിച്ച്‌ മേദിയായില്‍ തനിക്കു സംഭവിച്ചവലിയ കാര്യങ്ങള്‍ പിതാവിനെ അറിയിച്ചു.
16. തോബിത്‌ സന്തോഷത്തോടെ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ മരുമകളെ സ്വീകരിക്കാന്‍ നിനെവേനഗരത്തിന്‍െറ കവാടത്തിലേക്കു പുറപ്പെട്ടു. കണ്ടവരെല്ലാം അവനു കാഴ്‌ച വീണ്ടുകിട്ടിയതില്‍ വിസ്‌മയിച്ചു.
17. തന്നോടു കരുണ കാണി ച്ചദൈവത്തെ അവരുടെ മുന്‍പില്‍വച്ചു തോബിത്‌ സ്‌തുതിച്ചു. അവന്‍ തന്‍െറ മരുമകള്‍ സാറായുടെ അടുത്തെത്തി, അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: മകളേ, സ്വാഗതം! നിന്നെ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്ന ദൈവം വാഴ്‌ത്തപ്പെടട്ടെ! നിന്‍െറ മാതാപിതാക്കള്‍ അനുഗൃഹീതരാണ്‌. അങ്ങനെ നിനെവേയില്‍ അവന്‍െറ സഹോദരരുടെ ഇടയില്‍ ആനന്‌ദം കളിയാടി.
18. അഹിക്കാറും അനന്തരവന്‍ നാദാബും വന്നു.
19. തോബിയാസിന്‍െറ വിവാഹം ഏഴുദിവസം ആര്‍ഭാടപൂര്‍വം ആഘോഷിച്ചു.

Holydivine