Mark - Chapter 11
Holy Bible

1. അവര്‍ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്‌ക്കു സമീപമുള്ള ബേത്‌ഫഗെ, ബഥാനിയാ എന്നീ സ്‌ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍.
2. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍.
3. നിങ്ങളെന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന്‌ അതിനെക്കൊണ്ട്‌ ആവശ്യമുണ്ട്‌; ഉടനെ തിരിച്ചയയ്‌ക്കുന്നതാണ്‌ എന്നു പറയുക.
4. അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍
5. അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ്‌ കഴുതക്കുട്ടിയെ അഴിക്കുന്നത്‌?
6. യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു.
7. അവര്‍ കഴുതക്കുട്ടിയെ യേശുവിന്‍െറ അ ടുത്തു കൊണ്ടുവന്ന്‌, അതിന്‍െറ പുറത്ത്‌ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു.
8. വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന്‌ പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി.
9. അവന്‍െറ മുമ്പിലും പി മ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു:ഹോസാന! കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍!
10. നമ്മുടെ പിതാവായ ദാവീദിന്‍െറ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!
11. അവന്‍ ജറുസലെമില്‍ പ്രവേശിച്ച്‌ ദേവാലയത്തിനുള്ളിലേക്കു പോയി; ചുറ്റുംനോക്കി എല്ലാം കണ്ടശേഷം, നേരംവൈകിയിരുന്നതിനാല്‍, പന്ത്രണ്ടുപേരോടുംകൂടെ ബഥാനിയായിലേക്കു പോയി.
12. അടുത്ത ദിവസം അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു.
13. അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട്‌ അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച്‌ അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത്‌ അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.
14. അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്‍െറ ശിഷ്യന്‍മാര്‍ ഇതുകേട്ടു.
15. അവര്‍ ജറുസലെമിലെത്തി. അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്‌, അവിടെ ക്രയ വിക്രയം ചെയ്‌തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
16. ദേവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയും അവന്‍ അനുവദിച്ചില്ല.
17. അവന്‍ അവരെ പഠിപ്പിച്ചു: എന്‍െറ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു.
18. ഇ തുകേട്ടപ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്‌ഞരും അവനെ നശിപ്പിക്കാന്‍മാര്‍ ഗം അന്വേഷിച്ചു; കാരണം, അവനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്‍െറ പ്രബോധനങ്ങളെക്കുറിച്ചു വിസ്‌മയിച്ചിരുന്നു.
19. വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി.
20. അവര്‍ രാവിലെ അത്തിമരത്തിന്‍െറ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.
21. അപ്പോള്‍ പത്രോസ്‌ അവനെ അ നുസ്‌മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപി ച്ചഅത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു!
22. യേശു പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക.
23. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട്‌ ഇ വിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്‌താല്‍ അവന്‌ അതു സാധിച്ചുകിട്ടും.
24. അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
25. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്‌ഷമിക്കുവിന്‍.
26. അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.
27. അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദേവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളും അവന്‍െറ അടുത്തെത്തി.
28. അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ്‌ നീ ഇവയൊക്കെ ചെയ്യുന്നത്‌? ഇവ പ്രവര്‍ത്തിക്കുന്നതിന്‌ ആരാണ്‌ നിനക്ക്‌ അധികാരം നല്‍കിയത്‌?
29. യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാം. എന്നോട്‌ ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ്‌ ഞാന്‍ ഇവ ചെയ്യുന്നതെന്ന്‌ അപ്പോള്‍ പറയാം.
30. യോഹന്നാന്‍െറ ജ്‌ഞാനസ്‌നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍.
31. അവര്‍ പരസ്‌പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന്‌ എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട്‌ നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന്‌ അവന്‍ ചോദിക്കും.
32. മനുഷ്യരില്‍നിന്ന്‌ എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍യഥാര്‍ഥത്തില്‍ ഒരു പ്രവാചകനാണെന്ന്‌ എല്ലാവരും കരുതിയിരുന്നു.
33. അതിനാല്‍, അവര്‍ യേശുവിനോടു പറഞ്ഞു: ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇവ ചെയ്യുന്നതെന്ന്‌ ഞാനും നിങ്ങളോടു പറയുന്നില്ല.

Holydivine