Mark - Chapter 16
Holy Bible

1. സാബത്ത്‌ കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും യാക്കോബിന്‍െറ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്‌ധദ്രവ്യങ്ങള്‍ വാങ്ങി.
2. ആഴ്‌ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി.
3. അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ്‌ നമുക്കുവേണ്ടി ശവകുടീരത്തിന്‍െറ വാതില്‍ക്കല്‍നിന്ന്‌ കല്ല്‌ ഉരുട്ടിമാറ്റുക?
4. എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല്‌ ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും.
5. അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ള വസ്‌ത്രം ധരി ച്ചഒരുയുവാവ്‌ വലത്തുഭാഗത്തിരിക്കുന്നതുകണ്ടു.
6. അവര്‍ വിസ്‌മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അദ്‌ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്‌ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവ നെ സംസ്‌കരി ച്ചസ്‌ഥലം.
7. നിങ്ങള്‍ പോയി, അവന്‍െറ ശിഷ്യന്‍മാരോടും പത്രോ സിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതുപോലെ അവിടെവച്ച്‌ നിങ്ങള്‍ അവനെ കാണും.
8. അവര്‍ ശവകുടീരത്തില്‍നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ പേടിച്ചു വിറയ്‌ക്കുകയും ആശ്‌ചര്യപ്പെടുകയും ചെയ്‌തിരുന്നു. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു.
9. ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്‌ദലേനമറിയത്തിനു പ്രത്യക്‌ഷപ്പെട്ടു. ഇവളില്‍നിന്നാണ്‌ അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്‌.
10. അവള്‍ ചെന്ന്‌ അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു.
11. അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.
12. ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്‌ഷപ്പെട്ടു.
13. അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.
14. പിന്നീട്‌, അവര്‍ പതിനൊന്നുപേര്‍ഭക്‌ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്‌ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി.
15. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
16. വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
17. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
18. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
19. കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
20. അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ്‌ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

Holydivine