Mark - Chapter 3
Holy Bible

1. യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷി ച്ചഒരാള്‍ അവിടെ ഉണ്ടായിരുന്നു.
2. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന്‌ അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
3. കൈ ശോഷിച്ചവനോട്‌ അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ.
4. അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്‌ദരായിരുന്നു.
5. അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച്‌ അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്‌, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു.
6. ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ്‌പക്‌ഷക്കാരുമായി ആലോചന നടത്തി.
7. യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന്‌ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
8. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്‍െറ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്‍െറ പ്രവൃത്തികളെക്കുറിച്ചു കേട്ട്‌, അവന്‍െറ അടുത്തെത്തി.
9. ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്‌, അവന്‍ ശിഷ്യന്‍മാരോട്‌ ഒരു വള്ളം ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു.
10. എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്‌പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
11. അശുദ്‌ധാത്‌മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്‍െറ മുമ്പില്‍ വീണ്‌, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചുപറഞ്ഞു.
12. തന്നെ വെളിപ്പെടുത്തരുതെന്ന്‌ അവന്‍ അവയ്‌ക്കു കര്‍ശനമായ താക്കീതു നല്‍കി.
13. പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്‍െറ സമീപത്തേക്കു ചെന്നു.
14. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്‌ക്കുന്നതിനും
15. പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു.
16. അവര്‍, പത്രോസ്‌ എന്ന്‌ അവന്‍ പേരു നല്‍കിയ ശിമയോന്‍, ഇടിമുഴക്കത്തിന്‍െറ പുത്രന്‍മാര്‍ എന്നര്‍ഥമുള്ള
17. ബൊവനെര്‍ഗെസ്‌ എന്നു പേരു നല്‍കിയ സെബദീപുത്രന്‍മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും,
18. അന്ത്രയോസ്‌, പീലിപ്പോസ്‌, ബര്‍ത്തലോമിയ, മത്തായി, തോമസ്‌, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്‌, തദേവൂസ്‌, കാനാന്‍കാരനായ ശിമയോന്‍,
19. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്‌ സ്‌കറിയോത്താ.
20. അനന്തരം അവന്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്‌ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല.
21. അവന്‍െറ സ്വന്തക്കാര്‍ ഇതുകേട്ട്‌, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ കേട്ടിരുന്നു.
22. ജറുസലെമില്‍നിന്നു വന്ന നിയമജ്‌ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ്‌ അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്‌.
23. അവന്‍ അവരെ അടുത്തു വിളിച്ച്‌, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന്‌ എങ്ങനെയാണ്‌ സാത്താനെ പുറത്താക്കാന്‍ കഴിയുക?
24. അന്തശ്‌ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല.
25. അന്തശ്‌ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല.
26. സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്‌താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത്‌ അവന്‍െറ അവസാനമായിരിക്കും.
27. ശക്‌തനായ ഒരുവന്‍െറ ഭവനത്തില്‍ പ്രവേശിച്ച്‌ വസ്‌തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്‌ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ.
28. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്‌ഷമിക്കപ്പെടും.
29. എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവന്‌ ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന്‌ ഉത്തരവാദിയാകും.
30. അവന്‍ ഇങ്ങനെ പറഞ്ഞത്‌, തനിക്ക്‌ അശുദ്‌ധാത്‌മാവുണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞതിനാലാണ്‌.
31. അവന്‍െറ അമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നുകൊണ്ട്‌ അവനെ വിളിക്കാന്‍ ആളയച്ചു.
32. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്‍െറ അമ്മയും സഹോദരന്‍മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു.
33. അവന്‍ ചോദിച്ചു: ആരാണ്‌ എന്‍െറ അമ്മയും സഹോദരങ്ങളും?
34. ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, എന്‍െറ അമ്മയും എന്‍െറ സഹോദരങ്ങളും!
35. ദൈവത്തിന്‍െറ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും.

Holydivine