Mark - Chapter 6
Holy Bible

1. യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.
2. സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്‍െറ വാക്കുകേട്ട പലരും ആശ്‌ചര്യപ്പെട്ടു പറഞ്ഞു: ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌? ഇവനു കിട്ടിയ ഈ ജ്‌ഞാനം എന്ത്‌? എത്ര വലിയ കാര്യങ്ങളാണ്‌ ഇവന്‍െറ കരങ്ങള്‍വഴി സംഭവിക്കുന്നത്‌!
3. ഇവന്‍മറിയത്തിന്‍െറ മക നും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്‍െറ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി.
4. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.
5. ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ്‌ അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല.
6. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച്‌ അവന്‍ വിസ്‌മയിച്ചു.
7. അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ച രിച്ച്‌, പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ തന്‍െറ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച്‌ രണ്ടുപേരെ വീതം അയയ്‌ക്കാന്‍ തുടങ്ങി. അശുദ്‌ധാത്‌മാക്കളുടെമേല്‍ അവര്‍ക്ക്‌ അ ധികാരവും കൊടുത്തു. അവന്‍ കല്‍പിച്ചു:
8. യാത്രയ്‌ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്‌.
9. ചെരിപ്പു ധരിക്കാം, രണ്ട്‌ ഉടുപ്പുകള്‍ ധരിക്കരുത്‌;
10. അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്‌ഥലത്ത്‌ ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍.
11. എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്‌ താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.
12. ശിഷ്യന്‍മാര്‍ പുറപ്പെട്ട്‌, ജനങ്ങളോട്‌ അനുതപിക്കണമെന്നു പ്രസംഗിച്ചു.
13. അനേകം പിശാ ചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.
14. ഹേറോദേസ്‌ രാജാവും ഇക്കാര്യങ്ങള്‍ കേട്ടു. യേശുവിന്‍െറ പേര്‌ പ്രസിദ്‌ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്‌നാപകയോഹന്നാന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌ അദ്‌ഭുത കരമായ ഈ ശക്‌തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്‌.
15. മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്‌, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്‌.
16. എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ്‌ പ്രസ്‌താവിച്ചു: ഞാന്‍ ശിരശ്‌ഛേദംചെയ്‌ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
17. ഹേറോദേസ്‌ ആളയച്ച്‌ യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്‌ധിക്കയും ചെയ്‌തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്‍െറ ഭാര്യ ഹേറോദിയാ നിമിത്തമാണ്‌ അവന്‍ ഇങ്ങനെചെയ്‌തത്‌. അവന്‍ അവളെ വിവാഹം ചെയ്‌തിരുന്നു.
18. യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്‍െറ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്‌ധമാണ്‌.
19. തന്‍മൂലം, ഹേറോദിയായ്‌ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല.
20. എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്‌ധ നുമാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഹേറോദേസ്‌ അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്‍െറ വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
21. ഹേറോദേസ്‌ തന്‍െറ ജന്‍മദിനത്തില്‍ രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്‌ക്ക്‌ അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു.
22. അവളുടെ മകള്‍ വന്ന്‌ നൃത്തംചെയ്‌ത്‌ ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും.
23. അവന്‍ അവളോടു ശപഥംചെയ്‌തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്‍െറ രാജ്യത്തിന്‍െറ പകുതിപോലും ഞാന്‍ നിനക്കു തരും.
24. അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ്‌ ആവശ്യപ്പെടേണ്ടത്‌? അമ്മപറഞ്ഞു: സ്‌നാപകയോഹന്നാന്‍െറ ശിരസ്‌സ്‌.
25. അവള്‍ ഉടനെ അകത്തുവന്ന്‌ രാജാവിനോട്‌ ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്‍െറ ശിരസ്‌സ്‌ ഒരു തളികയില്‍ വച്ച്‌ എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
26. രാജാവ്‌ അതീവ ദുഃഖിതനായി. എങ്കിലും, തന്‍െറ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല.
27. അവന്‍െറ തല കൊണ്ടുവരാന്‍ ആജ്‌ഞാപിച്ച്‌ ഒരു സേവകനെ രാജാവ്‌ ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന്‌ യോഹന്നാന്‍െറ തല വെട്ടിയെടുത്തു.
28. അത്‌ ഒരു തളികയില്‍ വച്ച്‌ കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത്‌ അമ്മയെ ഏല്‍പിച്ചു.
29. ഈ വിവരം അറിഞ്ഞയോഹന്നാന്‍െറ ശിഷ്യന്‍മാര്‍ വന്ന്‌ മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.
30. അപ്പസ്‌തോലന്‍മാര്‍ യേശുവിന്‍െറ അടുത്ത്‌ ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്‌തതും പഠിപ്പിച്ചതും അറിയിച്ചു.
31. അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്‌തിരുന്നു. ഭക്‌ഷണം കഴിക്കാന്‍പോലും അവര്‍ക്ക്‌ ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജ നസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്ര മിക്കാം.
32. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്‌ഥലത്തേക്കു പോയി.
33. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെ യ്‌തു. എല്ലാ പട്ടണങ്ങളിലുംനിന്ന്‌ ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേഅവിടെയെത്തി.
34. അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട്‌ അവന്‌ അനുകമ്പതോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.
35. നേരം വൈകിയപ്പോള്‍ ശിഷ്യന്‍മാര്‍ അവന്‍െറ യടുത്തു വന്നു പറഞ്ഞു: ഇത്‌ ഒരു വിജനപ്രദേശമാണല്ലോ. സമയവുംവൈകിയിരിക്കുന്നു.
36. ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്‌, എന്തെങ്കിലും വാങ്ങി ഭക്‌ഷിക്കാന്‍ അവരെ പറഞ്ഞയയ്‌ക്കുക.
37. അവന്‍ പ്രതിവചിച്ചു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്‌ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്‌, ഇരുന്നൂ റു ദനാറയ്‌ക്ക്‌ അപ്പം വാങ്ങിക്കൊണ്ടുവന്ന്‌ അവര്‍ക്കു ഭക്‌ഷിക്കാന്‍ കൊടുക്കട്ടെയോ?
38. അവന്‍ ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്‌? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അ ഞ്ച്‌ അപ്പവും രണ്ടു മീനും.
39. പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
40. നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു.
41. അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത്‌ സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ശിഷ്യന്‍മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു.
42. അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി.
43. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.
44. അപ്പം ഭക്‌ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു.
45. താന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേമറുകരയിലുള്ള ബേത്‌സയ്‌ദായിലേക്കു പോകാന്‍ അവന്‍ ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
46. ആളുകളോടുയാത്രപറഞ്ഞശേഷം അവന്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കു പോയി.
47. വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അവന്‍ തനിച്ചു കരയിലും.
48. അവര്‍ വഞ്ചി തുഴഞ്ഞ്‌ അവശരായി എന്ന്‌ അവന്‍ മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിനുമീതേ നടന്ന്‌ അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു.
49. അവന്‍ കടലിനു മീതേ നടക്കുന്നതുകണ്ട്‌, അത്‌ ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു.
50. അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കു വിന്‍, ഞാനാണ്‌; ഭയപ്പെടേണ്ടാ.
51. അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്‌ചര്യഭരിതരായി.
52. കാരണം, അപ്പത്തെക്കുറിച്ച്‌ അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്‌ദീഭവിച്ചിരുന്നു.
53. അവര്‍ കടല്‍ കടന്ന്‌, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്‌ക്കടുപ്പിച്ചു.
54. കരയ്‌ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു.
55. അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്‌, രോഗികളെ കിടക്കയിലെടുത്ത്‌, അവന്‍ ഉണ്ടെന്നു കേട്ട സ്‌ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി.
56. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന്‌ പൊതുസ്‌ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പിലെങ്കിലും സ്‌പര്‍ശിക്കാന്‍ അനുവദിക്കണമെന്ന്‌ അവര്‍ അപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്‌തു.

Holydivine