Mark - Chapter 2
Holy Bible

1. കുറെ ദിവസങ്ങള്‍ കഴിഞ്ഞ്‌, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട്‌ എന്ന വാര്‍ത്ത പ്രചരിച്ചു.
2. വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്‌ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
3. അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു.
4. ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്‌ഥലത്തിന്‍െറ മേല്‍ക്കൂര പൊളിച്ച്‌, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
5. അവരുടെ വിശ്വാസം കണ്ട്‌ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
6. നിയമജ്‌ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു:
7. എന്തുകൊണ്ടാണ്‌ ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്‌? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ പാപം ക്‌ഷമിക്കാന്‍ സാധിക്കുക?
8. അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്‌?
9. ഏതാണ്‌ എളുപ്പം? തളര്‍വാതരോഗിയോട്‌ നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്‍െറ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?
10. എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്‌ - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:
11. ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ്‌ നിന്‍െറ കിടക്കയുമെടുത്ത്‌, വീട്ടിലേക്കു പോവുക.
12. തത്‌ക്‌ഷണം അവന്‍ എഴുന്നേറ്റ്‌, കിടക്കയുമെടുത്ത്‌, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്‌മയിച്ചു. ഇതുപോലൊന്ന്‌ ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ്‌ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
13. യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്‍െറ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു.
14. അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതുകണ്ട്‌ അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു.
15. അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്‍െറയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു.
16. അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്‌ഷണം കഴിക്കുന്നതു കണ്ട്‌ ഫരിസേയരില്‍പെട്ട ചില നിയമജ്‌ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്‌ഷിക്കുന്നതെന്ത്‌?
17. ഇതു കേട്ട്‌ യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട്‌ ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്‌.
18. യോഹന്നാന്‍െറ ശിഷ്യന്‍മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്‌ യേശുവിനോടു ചോദിച്ചു: യോഹന്നാന്‍െറയും ഫരിസേയരുടെയും ശി ഷ്യന്‍മാര്‍ ഉപവസിക്കുകയും നിന്‍െറ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌?
19. യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക്‌ ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക്‌ ഉപവസിക്കാനാവില്ല.
20. മണവാളന്‍ അവരില്‍നിന്ന്‌ അകറ്റപ്പെടുന്ന കാലം വരും; അന്ന്‌ അവര്‍ ഉപവസിക്കും.
21. ആരും പഴയ വസ്‌ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.
22. ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്‌ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞി നു പുതിയ തോല്‍ക്കുടങ്ങള്‍ വേണം.
23. ഒരു സാബത്തുദിവസം അവന്‍ വിള ഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്‍മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി.
24. ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്‌ധമായത്‌ അവര്‍ ചെയ്യുന്നത്‌ എന്തുകൊണ്ട്‌?
25. അവന്‍ ചോദിച്ചു: ദാവീദും അ നുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്‌തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
26. അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ്‌ ദേവാലയത്തില്‍ പ്രവേശിച്ച്‌, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്‌ഷിക്കാന്‍ അ നുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്‌തില്ലേ?
27. അവന്‍ അവരോടു പറഞ്ഞു: സാബത്ത്‌ മനുഷ്യനുവേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല.
28. മനുഷ്യപുത്രന്‍ സാബത്തിന്‍െറയും കര്‍ത്താവാണ്‌.

Holydivine