Mark - Chapter 7
Holy Bible

1. ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്‌ഞരും യേശുവിനുചുറ്റും കൂടി.
2. അവന്‍െറ ശിഷ്യന്‍മാരില്‍ ചിലര്‍ കൈ കഴുകി ശുദ്‌ധിവരുത്താതെ ഭക്‌ഷണം കഴിക്കുന്നത്‌ അവര്‍ കണ്ടു.
3. പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച്‌ ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്‌ഷണം കഴിക്കാറില്ല.
4. പൊതുസ്‌ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്‌ധി വരുത്താതെ അവര്‍ ഭക്‌ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്‌ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്‌ഠിച്ചുപോന്നു.
5. ഫരിസേയരും നിയമജ്‌ഞരും അവനോടു ചോദിച്ചു: നിന്‍െറ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്‌ധമായ കൈകൊണ്ടു ഭക്‌ഷിക്കുന്നത്‌ എന്ത്‌?
6. അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച്‌ ഏ ശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്‌.
7. വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു.
8. ദൈവത്തിന്‍െറ കല്‍പന ഉപേക്‌ഷിച്ച്‌, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
9. അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു.
10. എന്തെന്നാല്‍, നിന്‍െറ പിതാവിനെയും മാതാവിനെയും ബ ഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവന്‍മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്‌.
11. എന്നാല്‍, ഒരുവന്‍ തന്‍െറ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക്‌ എന്നില്‍നിന്നു ലഭിക്കേണ്ടത്‌ കൊര്‍ബ്ബാന്‍ - അതായത്‌ വഴി പാട്‌ - ആണ്‌ എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു.
12. പിന്നെ പിതാവിനോ മാതാവിനോ വേണ്ടിയാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അ നുവദിക്കുന്നുമില്ല.
13. അങ്ങനെ, നിങ്ങള്‍ക്കു ലഭി ച്ചപാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.
14. ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച്‌ അവന്‍ പറഞ്ഞു: നിങ്ങളെല്ലാവരും എന്‍െറ വാക്കു കേട്ടു മനസ്‌സിലാക്കുവിന്‍.
15. പുറമേനിന്ന്‌ ഉള്ളിലേക്കു കടന്ന്‌, ഒരുവനെ അശുദ്‌ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌.
16. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
17. അവന്‍ ജനങ്ങളെ വിട്ട്‌ ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച്‌ ശിഷ്യന്‍മാര്‍ ചോദിച്ചു.
18. അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്‌തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്‍െറ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്‌ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മന സ്‌സിലാക്കുന്നില്ലേ?
19. കാരണം, അവ മനുഷ്യന്‍െറ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്‌ഷണപദാര്‍ഥങ്ങളും ശുദ്‌ധമാണെന്ന്‌ അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.
20. അവന്‍ തുടര്‍ന്നു: ഒരുവന്‍െറ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌.
21. എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്‌, മനുഷ്യന്‍െറ ഹൃദയത്തില്‍നിന്നാണ്‌ ദുശ്‌ചിന്ത, പരസംഗം, മോഷണം, കൊലപാതകം,
22. വ്യഭിചാരം, ദുരാഗ്രഹം, ദുഷ്‌ടത, വഞ്ചന, ഭോഗാസക്‌തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്‌.
23. ഈ തിന്‍മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്‌ധനാക്കുകയും ചെയ്യുന്നു.
24. അവന്‍ അവിടെനിന്ന്‌ എഴുന്നേറ്റ്‌ ടയി റിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന്‌ അവന്‍ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല.
25. ഒരു സ്‌ത്രീ അവനെക്കുറിച്ചു കേട്ട്‌ അവിടെയെത്തി. അവള്‍ക്ക്‌ അശുദ്‌ധാത്‌മാവു ബാധി ച്ചഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്‌ത്രീ വന്ന്‌ അവന്‍െറ കാല്‍ക്കല്‍ വീണു.
26. അവള്‍ സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്‍െറ മകളില്‍നിന്നു പിശാചിനെ ബഹിഷ്‌കരിക്കണമെന്ന്‌ അവള്‍ അവനോട്‌ അപേക്‌ഷിച്ചു.
27. അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്‌ഷിച്ചു തൃപ്‌തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്‌ക്കള്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്നതു നന്നല്ല.
28. അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, അതു ശരിയാണ്‌. എങ്കിലും, മേശയ്‌ക്കു കീഴെ നിന്ന്‌ നായ്‌ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ.
29. അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്‍െറ മകളെ വിട്ടുപോയിരിക്കുന്നു.
30. അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത്‌ അവള്‍ കണ്ടു. പിശാച്‌ അവളെ വിട്ടുപോയിരുന്നു.
31. അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്‌, സീദോന്‍ കടന്ന്‌, ദെക്കാപ്പോളീസ്‌ പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി.
32. ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്‍െറ യടുത്തു കൊണ്ടുവന്നു. അവന്‍െറ മേല്‍ കൈകള്‍വയ്‌ക്കണമെന്ന്‌ അവര്‍ അവനോട്‌ അപേക്‌ഷിച്ചു.
33. യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്‍െറ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട്‌ അവന്‍െറ നാവില്‍ സ്‌പര്‍ശിച്ചു.
34. സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്‌ അവനോടു പറഞ്ഞു: എഫ്‌ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം.
35. ഉടനെ അവന്‍െറ ചെവികള്‍ തുറന്നു. നാവിന്‍െറ കെട്ടഴിഞ്ഞു. അവന്‍ സ്‌ഫുടമായി സംസാരിച്ചു.
36. ഇക്കാര്യം ആരോടും പറയരുതെന്ന്‌ അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു.
37. അവര്‍ അളവറ്റ വിസ്‌മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്‌തിയും ഊമര്‍ക്കു സംസാര ശക്‌തിയും നല്‍കുന്നു.

Holydivine